കണ്ണൂർ ചിന്മയ മിഷൻ സെക്രട്ടറി കെ.കെ. രാജനെതിരെ കേസ് കൊടുത്ത അധ്യാപികയെ പിരിച്ചുവിട്ടു

കണ്ണൂര്‍: കണ്ണൂർ ചിന്മയ മിഷൻ സെക്രട്ടറി കെ.കെ. രാജനെതിരെ കേസ് കൊടുത്ത അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇന്ന് രാവിലെ 8 മണിക്കാണ് കൊറിയർ വഴി മാനേജ്മെന്റ് പിരിച്ചു വിടൽ നോട്ടീസ് നൽകിയത്. അധ്യാപികയെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തതിന് സെക്രട്ടറി കെ.കെ. രാജനെതിരെ ടൗൺ പോലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇതിന് പ്രതികാരമായാണ് പിരിച്ചുവിടലെന്നു കരുതുന്നു.

അധ്യാപികയുമായി ബന്ധപ്പെട്ട തൊഴിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഈ വിഷയത്തിൽ കേരള അൺ എയ്ഡഡ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ കത്ത് കൊടുക്കാൻ ചിന്മയ ബാലഭവൻ ഓഫീസിൽ പോയി മടങ്ങുമ്പോൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ചിന്മയ മിഷൻ സെക്രട്ടറി കെ. കെ രാജൻ കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയുകയായിരുന്നു.

കെ. കെ. രാജൻ കാറിൽ കയറാനായി നിൽക്കുമ്പോൾ അധ്യാപിക ഇറങ്ങി വരുന്നതു കണ്ട് അവിടെ നിൽക്കുകയും എന്താടീ നിന്റെ വിചാരം? നിന്റെ കളിയൊക്കെ നിർത്തിത്തരാം നീയും നിന്റെ ഒരു യൂണിയനും. നിന്നെ പിരിച്ചുവിടാൻ പോവുകയാണ്. ഒരുത്തനും അത് തടയാനാകില്ല തുടങ്ങി വൃത്തികെട്ട ഭാഷയിൽ പലതും പറയുകയുമായിരുന്നു. അസഭ്യം പറയരുതെന്നും നിങ്ങൾക്ക് തോന്നുമ്പോൾ പിരിച്ചുവിടാനുള്ള ആളല്ല ഞാനെന്നും അധ്യാപിക പറഞ്ഞപ്പോൾ അതങ്ങ് പള്ളീ പോയി പറഞ്ഞാൽ മതി എന്ന് പറഞ്ഞ് പിടിച്ച് തള്ളുകയായിരുന്നു രാജൻ.

ലൈംഗികച്ചുവയോടെ അപമാനകരമായി സംസാരിച്ച്, സ്ത്രീയെന്ന നിലയിൽ അപമാനമുണ്ടാക്കുന്ന രീതിയിൽ പെരുമാറി, കയ്യേറ്റം ചെയ്ത് തന്റെ മാന്യതയ്ക്കും അന്തസ്സിനും കളങ്കമുണ്ടാക്കിയ ഇയാൾക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് അധ്യാപിക ടൗൺ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ ജാമ്യമില്ലാ വകുപ്പായിട്ടും പൊലീസ് ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ കേരള അൺ എയ്ഡഡ് സ്കൂൾ ടീച്ചേർസ് ആന്റ് സ്റ്റാഫ് യൂണിയൻ ശക്തമായി പ്രതിഷേധിച്ചു. സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് യൂണിയൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. യുണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായ അധ്യാപികക്കെതിരെയുള്ള പ്രതികാര നടപടിക്കെതിരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ പ്രസിഡണ്ട് കെ.വി. സുമേഷും സെക്രട്ടറി ടി.വേണുവും അറിയിച്ചു

error: Content is protected !!