അമ്മ മുന്‍പൊരിക്കലും ഇല്ലാത്ത സമ്മര്‍ദത്തില്‍

വനിതാകൂട്ടായ്മയുടെ പോരാട്ടത്തിന് പിന്തുണയറിയിച്ച് അമ്മയിലെ അംഗങ്ങൾ ഒന്നൊന്നായി രംഗത്തെത്തിയതോടെ താരസംഘടന അമ്മ കടുത്ത സമ്മര്‍ദ്ദത്തില്‍. കൂടൂതല്‍ താരങ്ങള്‍ സംഘടനയ്ക്കെതിരെ എത്തുമോ എന്ന് നേതൃത്വം പേടിക്കുന്നുണ്ട്.   സംഘടനക്ക് അകത്തുനിന്നും പുറത്തുനിന്നും ഉയ‍ർന്ന ശക്തമായ എതിർപ്പുകളാണ് എക്സിക്യുട്ടീവ് വിളിക്കാൻ അമ്മയെ നിർ‍ബന്ധിതരാക്കിയത്. കൂടുതൽ അംഗങ്ങൾ ഇനിയുംപ്രതിഷേധവുമായി എത്തുമോ എന്ന ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന് സാരം.

മുന്‍പൊരിക്കലും ഇല്ലാത്ത സമ്മർദ്ദത്തിലാണ് അമ്മ.  ഡബ്ള്യു സിസിയുടെ ആവശ്യങ്ങൾ ചർച്ചചെയ്യാൻ നേതൃത്വം തയ്യാറായതും സംഘടനയിലേക്കില്ലെന്ന് ദിലീപ് പ്രഖ്യാപിച്ചതും അത് കൊണ്ട് തന്നെ. വനിതാകൂട്ടായ്മ ഉയർത്തിയ പോരാട്ടത്തിന് വൻ പിന്തുണയാണ് കിട്ടുന്നത്. പലരും മൗനം വെടിഞ്ഞുതുടങ്ങി.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം നിഗൂഢമായാണ് എടുത്തതെന്നായിരുന്നു നടൻ പി. ബാലചന്ദ്രൻറ പ്രതികരണം. യോഗത്തിൽ പ്രതികരിക്കാൻ കഴിയാത്തതിൽ പശ്ചാത്താപമുണ്ടെന്നും ബാലചന്ദ്രൻ വ്യക്തമാക്കുന്നു. കൂടുതൽ അംഗങ്ങൾ ഇനിയും പ്രതിഷേധം ഉയർത്താനിടയുണ്ട്.

അതേ സമയം ദിലീപ് പിന്മാറിയതും ചർച്ചക്ക് തയ്യാറായതും കൊണ്ട് വിവാദം കെട്ടടങ്ങുമെന്നും അമ്മ നേതൃത്വത്തിന് പ്രതീക്ഷയുണ്ട്. വലിയ മുന്നേറ്റമുണ്ടാക്കാനായെങ്കിലും അമരത്തുണ്ടായിരുന്ന മഞ്ജു വാര്യരുടെ മൗനം ഡബ്ലിയു സി സി നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

error: Content is protected !!