ബിജെപി ‘ഭ്രാന്തനായ കൊലയാളി’യെന്ന് ശിവസേന

ബിജെപി ‘ഭ്രാന്തനായ കൊലയാളി’യാണെന്നും എതിരെ വരുന്ന ആരെയും കുത്തിമലർത്താൻ മടിയില്ലെന്നും സഖ്യകക്ഷിയായ ശിവസേന.വഞ്ചകനെന്നു വിളിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനു ശക്തമായ മറുപടിയാണ് ശിവസേന നൽകിയത്. മറാത്ത പോരാളിയായ ഛത്രപതി ശിവജിയുടെ ഫോട്ടോയിൽ മാല ചാർത്തുമ്പോൾ ചെരുപ്പ് മാറ്റാതിരുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും സേന വലിയ വിമർശനമാണുന്നയിച്ചത്. ഈ മാസം 28ന് നടക്കാനിരിക്കുന്ന പൽഗാർ ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുറാലിയിൽ പങ്കെടുക്കുമ്പോഴാണ് യോഗി ചെരുപ്പ് ധരിച്ച് ശിവജിക്കു മാലയിട്ടത്.

‘പൽഗാറിൽ പ്രചാരണത്തിനെത്തിയ കപടനാട്യക്കാരനായ യുപി മുഖ്യമന്ത്രി, ശിവസേന ബിജെപിയെ പിന്നിൽനിന്നു കുത്തിയെന്നാണ് ആരോപിച്ചത്. ഛത്രപതിയുടെ ചരിത്രമെന്താണെന്ന് അവർക്കറിയില്ലെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണിത്’- ശിവസേന മുഖപത്രമായ സാമ്നയിലെഴുതിയ മുഖപ്രസംഗത്തിൽ പറയുന്നു.

പൽഗാർ ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ അന്തരിച്ച എംപി ചിന്തമാൻ വനാഗയുടെ മകനെ സ്ഥാനാർഥിയാക്കിയതിലൂടെ ശിവസേന ബിജെപിയെ ചതിച്ചെന്ന് ഫഡ്നാവിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുൻ കോൺഗ്രസ് നേതാവായ രാജേന്ദ്ര ഗവിതിന് സീറ്റു നല്‍കുന്നതും സേനയ്ക്കെതിരു നിൽക്കുന്നതും പിന്നിൽനിന്ന് കുത്തുന്നതിനു സമാനമാണെന്ന് ശിവസേന പറഞ്ഞു. പിന്നിൽനിന്ന് കുത്തുന്നവരുടെ ഭാഷ യോഗി ആദിത്യനാഥിനോ ദേവേന്ദ്ര ഫഡ്നാവിസിനോ യോജിക്കുന്നതല്ലെന്നും സേന പറയുന്നു.

error: Content is protected !!