ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്തും

കാലവർഷം എത്താൻ ഒരാഴ്ച മാത്രമെന്നു കാലാവസ്ഥാ വകുപ്പ്. 29 ന് മഴ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രവും 28 ന് എത്തുമെന്ന് സ്കൈമെറ്റ് സ്വകാര്യ കാലാവസ്ഥാ സ്ഥാപനവും പ്രവചിക്കുന്നു. ഇതിനും രണ്ടു ദിവസം മുമ്പേ എത്താമെന്ന് ചില നിരീക്ഷകരും പറയുന്നു. ശ്രീലങ്കയിൽ നാളെയോടെ മഴയെത്തുമെന്നാണു പ്രതീക്ഷ.

ആൻഡമാൻസിൽ മേയ് 20 ന് എത്തേണ്ട മഴ 23 നേ എത്തുകയുള്ളൂ. ആൻഡമാനും കേരളത്തിലെ മഴയുടെ തുടക്കവും തമ്മിൽ വലിയ ബന്ധമില്ലെന്നു നിരീക്ഷകർ പറയുന്നു. അതിനാൽ ഇന്നു വൈകുന്നേരത്തോടെ കന്യാകുമാരി തീരത്തു രൂപമെടുക്കുന്ന ന്യൂനമർദം ഈ വർഷത്തെ മൺസൂണിന്റെ ഗതി തീരുമാനിക്കുന്ന സ്ഥിതിയാണ്.

മേയ് പത്തിനു ശേഷം തിരുവനന്തപുരം മുതൽ മംഗളൂരു വരെയുള്ള പതിനാലോളം കാലാവസ്ഥാ മഴമാപിനികളിൽ എട്ടിടത്തെങ്കിലും രണ്ടു ദിവസം തുടർച്ചയായി 2.5 മില്ലീമീറ്റർ മഴ രേഖപ്പെടുത്തുകയും തെക്കു പടിഞ്ഞാറൻ ദിശയിൽനിന്നു കാറ്റു വീശുകയും ചെയ്താൽ കാലവർഷത്തിന്റെ ആഗമനം പ്രഖ്യാപിക്കാമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) ചട്ടം.

1971 മുതലുള്ള 47 വർഷത്തെ കണക്കു നോക്കിയാൽ കൃത്യമായി ജൂൺ ഒന്നിന് മഴ തുടങ്ങിയ മൂന്നു വർഷങ്ങൾ മാത്രം— 1980, 2000, 2013. മഴ ഏറ്റവും നേരത്തെയെത്തിയത് 2004 ൽ ആണ്— മേയ് 18. ഏറ്റവും വൈകിയെത്തിയത് 1972 ൽ – ജൂൺ 18 ന്. 47 വർഷങ്ങളിൽ ജൂൺ ഒന്നിനോ അതിനു മുമ്പോ മഴ എത്തിയത് 20 വർഷങ്ങളിൽ. ഇതിൽ പത്തു വർഷങ്ങളിൽ മേയ് 26 നു മുമ്പ് എത്തി. ബാക്കി 27 വർഷങ്ങളിലും ജൂൺ ഒന്നിനു ശേഷമാണ് മഴയെത്തിയത്. ഇതിൽ ഒൻപതു വർഷങ്ങളിൽ ജൂൺ അഞ്ചിനു ശേഷവും. ഏറ്റവും നേരത്തെ തുടങ്ങിയ 2004 ൽ 86 ശതമാനമായിരുന്നു മഴ. ഇതു വരൾച്ചയിലേക്കു നയിച്ചു. മലയാള മനോരമ പലതുള്ളി പദ്ധതിക്കു തുടക്കമിട്ടതും ആ വർഷമായിരുന്നു. എന്നാൽ ഏറ്റവും വൈകി തുടങ്ങിയ 1983 ൽ 113 ശതമാനം മഴ ലഭിച്ചു.

error: Content is protected !!