നിപാ വൈറസ്; മരിച്ചവരുടെ വീട്ടിലെ കിണറ്റില്‍ വവ്വാല്‍, കിണര്‍ മൂടി

നിപാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ വീട്ടില്‍ വവ്വാലുകളെ കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ബന്ധുക്കളായ മൂന്ന് പേര്‍ മരിച്ച ചങ്ങരോത്ത് മൂസയുടെ വീട്ടിലെ കിണറ്റിലാണ് വവ്വാലുകളെ കണ്ടെത്തിയത്. മൂസയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വവ്വാലുകള്‍ പുറത്തുപോകാതിരിക്കാന്‍ കിണര്‍ മൂടിയതായി ആരോഗ്യമന്ത്രി അറിയിച്ചു. രോഗബാധയേറ്റവര്‍ക്ക് വെള്ളത്തിലൂടെയാണ് നിപാ വൈറസ് പടര്‍ന്നതെന്നാണ് നിഗമനമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ബോധവല്‍ക്കരണ നടപടികള്‍ ശക്തമാക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് വെന്‍റിലേറ്റര്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. പരിഭ്രാന്തരാകാതെ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. വായുവില്‍ കൂടി രോഗം പടരില്ല. രോഗം ബാധിച്ച് മരിച്ചവരുടെ പ്രദേശവാസികള്‍ വീടുകള്‍ ഒഴി‍ഞ്ഞ് പോകുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ പരിഭ്രാന്തരായി കുറച്ചുപേര്‍ ഒഴിഞ്ഞു പോയെങ്കിലും ബോധവല്‍ക്കരണത്തിലൂടെ അവര്‍ തിരിച്ചെത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

രണ്ട് മരണം സംഭവിച്ചപ്പോള്‍ തന്നെ വിവരങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. കേന്ദ്രസംഘം ഇന്ന് സന്ദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എംപിമാരും മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമടക്കമുള്ളവര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടവും പൂര്‍ണ സജ്ജമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

error: Content is protected !!