ലിനി;മരണത്തിലും മാലാഖ , നേഴ്‌സ്മാരുടെ സഹനത്തിന്റെ പ്രതീകം

നിപ വൈറസ് കേരളത്തില്‍ പടരുമ്പോള്‍ എല്ലാവരും ഭീതിയിലാണ്,ആശ്വാസമായി ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ ഉണ്ട് എങ്കിലും ആശങ്ക മുഴുവനായും ഇല്ലാതാക്കാന്‍ ആയിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ച നേഴ്‌സ് ലിനിയുടെ മരണം മലയാളികളില്‍ ഒരു നീറ്റലായി മാറുകയാണ്‌ . തന്റെ ജീവനു പോലും വില കല്‍പിക്കാതെ പനിപിടിച്ചു മരിക്കുന്നവരെ മാലാഖയെ പോലെ പരിപാലിച്ച ലിനിഎന്ന മാലാഖയുടെ മരണം ഓരോരുത്തരുടെയും സങ്കടമാവുകയാണ്.

വൈറസ് പടരുമെന്ന ഭയത്തെ തുടർന്ന് അന്ത്യകർമ്മങ്ങൾ പോലും നൽകാതെ ലിനിയുടെ മൃതദേഹം വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിപാ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെയാണ് ലിനിക്ക് രോഗം ബാധിച്ചത്.താലൂക്ക് ആശുപത്രിയിലെ എൻ.എച്ച്.എം പോസ്റ്റിൽ ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാരിയായിരുന്നു ലിനി.

കഴിഞ്ഞ ദിവസം മരിച്ച സാബിത്തിനെ പേരാമ്പ്ര ആശുപത്രിയില്‍ വച്ച ശുശ്രൂശിച്ചിരുന്നത് ലിനിയായിരുന്നു. പേരാമ്പ്ര ചെമ്പനോട് സ്വദേശിനിയായ ലിനിയുടെ അമ്മയിലും രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവരുടെ അയല്‍വാസിയും നിരീക്ഷണത്തിലാണ്. ലിനി ജോലി ചെയ്തിരുന്ന പേരാമ്പ്ര താലുക്കാശുപത്രിയില്‍ പനിബാധിതര്‍ കൂടി വരുന്നുണ്ട്. രണ്ടുമക്കളുള്ള ലിനിയുടെ ഭര്‍ത്താവ് വിദേശത്താണ്.

സുപ്രീം കോടതയില്‍ ശമ്പളത്തിനായുള്ള പോരാട്ടം നടക്കുമ്പോള്‍ കോഴിക്കോട്ടെ വൈദ്യുത ശ്മശാനത്തില്‍ നേഴ്സ് ലിനി കത്തിതീരുകയായിരുന്നു.സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർക്ക് 20000 രൂപ മിനിമം വേതനം നൽകണമെന്ന വിജ്ഞാപനം പുറപ്പെടുവിച്ച സർക്കാർ ഈ താത്കാലിക ജീവനക്കാർക്ക് നൽകുന്ന പ്രതിമാസ ശമ്പളം 13500 രൂപ മാത്രമാണ്. മതിയായ സുരക്ഷാ സൗകര്യങ്ങൾ ഇല്ലാതിരുന്നതാണ് ലിനിക്ക് രോഗം പകരാനുള്ള കാരണം.

എന്നാൽ അവരുടെ കുടുംബത്തിന് മാന്യമായ നഷ്ട പരിഹാരം നൽകാനോ, ആശ്രിതർക്ക് ജോലി നൽകാനോ ഒരു പ്രഖ്യാപനവും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവാത്തത് ഖേദകരമാണ്.ഈ കാര്യം ചൂണ്ടിക്കാട്ടി രാവിലെ മുതല്‍ സോഷ്യല്‍ മീഡിയകളില്‍ ശക്തമായ പ്രധിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്.വിവാദങ്ങളോ, രാഷ്ട്രീയ ലാഭമോ ഇല്ലാത്തതിനാൽ ഒരു രാഷ്ട്രീയ നേതാക്കളും ഇക്കാര്യത്തിൽ പ്രതികരണം പോലും നടത്തിയില്ല. തികച്ചും സാധാരണ കുടുംബത്തിലെ അംഗമായ ലിനിക്ക് നീതി കിട്ടാൻ മതിയായ ഇടപെടലുകൾ പൊതു സമൂഹത്തിന്റെ ഭാഗത്ത് നിന്നെങ്കിലും ഉയർന്നു വരേണ്ടതുണ്ട്.

error: Content is protected !!