നിപാ വൈറസ്; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ജാഗ്രതാ നിർദേശം. സമാന രോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ രക്ത സ്രവ പരിശോധന നടത്തണമെന്നാണ് പ്രധാനമായി നിര്‍ദേശിച്ചിരിക്കുന്നത്. രോഗം പടരാതിരിക്കാന്‍ ബോധവല്‍ക്കരണ ശ്രമം നടത്താനും. ആശുപത്രികളില്‍ ശുചിത്വം ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. വൈറസ് ബാധയേറ്റവര്‍ക്കും, വൈറസ് ബാധ സംശയിക്കുന്നവര്‍ക്കും ചികിത്സ ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്.

അതേസമയം ഇന്ന് ഒമ്പത് മണിക്ക് കോഴിക്കോട് അവലോകന യോഗം ചേരും. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് യോഗം. ഇതുവരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും തുടര്‍നടപടികള്‍ സ്വീകരിക്കാനുമാണ് യോഗം ചേരുന്നത്. മന്ത്രി ടിപി രാമകൃഷ്ണനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അതിനിടെ നിപാ വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‍സ് മരിച്ചു. കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ഒമ്പതായി. അതേസമയം ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയില്ല. മൃതദേഹം ഇന്നു പുലര്‍ച്ചെ തന്നെ ആശുപത്രി വളപ്പില്‍ സംസ്കരിച്ചു. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടി.

അതേസമയം നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് പേരാമ്പ്രയില്‍ ഇന്ന് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. ചെങ്ങരോത്ത് മേഖലയിലായിരിക്കും പ്രധാനമായും സന്ദര്‍ശനം. നാദാപുരം ചെക്ക്യാട്, കോഴിക്കോട് നഗരത്തിനടുത്തുള്ള പാലാഴി എന്നിവിടങ്ങളിലും സമാനമായ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചെങ്ങരോത്ത് വളച്ചുകെട്ടി വീട്ടില്‍ മുഹമ്മദ് സാലിഹ്, സഹോദരന്‍ മുഹമ്മദ് സാബിത്ത്, ബന്ധു മറിയം എന്നിവരുടെ മരണം നിപാ വൈറസ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. മുഹമ്മദ് സാലിഹിന്‍റേയും സാബിത്തിന്‍റേയും അച്ഛന്‍ മൂസയ്ക്കും ഇതേ വൈറസ് ബാധ സ്ഥിരികരിച്ചിട്ടുണ്ട്. ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് കോഴിക്കോട് സ്വദേശികളായ മൂന്ന് പേരും മലപ്പുറം സ്വദേശികളായ രണ്ട് പേരും മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി കഴിയുന്ന ആറു പേരുടെ നില ഗുരുതരമാണ്. 25 പേര്‍ നിരീക്ഷണത്തിലുമാണ്.

You may have missed

error: Content is protected !!