നിപാ വൈറസ്; കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചതായി ആരോപണം

നിപാ വൈറസ് സംസ്ഥാനത്ത് ആശങ്ക പടര്‍ത്തി പടര്‍ന്ന് പിടിക്കുന്നതിനിടയില്‍ പണം അടച്ചില്ലെങ്കിൽ ചികിൽസ നൽകില്ലെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി അറിയിച്ചതായി ബന്ധുക്കളുടെ ആരോപണം. ചങ്ങരോത്ത് മരിച്ച സാലിഹിന്റെയും സാബിദിന്റെയും പിതാവ് മൂസയ്ക്കാണ് ചികിൽസ നിഷേധിച്ചത്.

ഒന്നേകാൽ ലക്ഷം രൂപ അടച്ചില്ലെങ്കിൽ ചികിൽസ നൽകില്ലെന്നാണ് അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. നേരത്തെ മരിച്ചവരുടെ ചികിത്സയ്ക്കായി ഒന്നര ലക്ഷം രൂപയോളം കുടുംബാംഗങ്ങള്‍ അടച്ചിരുന്നു. എന്നാല്‍ മൂസയുടെ ചികിത്സയുടെ ഒന്നേകാല്‍ ലക്ഷം അടച്ചില്ലെങ്കില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.

നിപാ വൈറസ് ബാധയുടെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ ആശുപത്രികളിലുൾപ്പെടെ സൗജന്യ ചികിൽസ ഉറപ്പാക്കുമെന്ന സർക്കാർ വാഗ്ദാനം ലംഘിക്കപ്പെട്ടതായി ചങ്ങരോത്തെ നാട്ടുകാരും ആരോപിച്ചു.

അതേസമയം വെന്റിലേറ്ററിലെ രോഗിയെ ഡിസ്ചാർജ് ചെയ്യരുതെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ സ്വകാര്യ ആശുപത്രിക്ക് മന്ത്രി നിർദ്ദേശം നൽകി. ചികിൽസ നിഷേധിച്ചതായുള്ള വാർത്തയെത്തുടർന്നാണ് മന്ത്രി പ്രശ്നത്തിൽ ഇടപെട്ടത്. മൂന്നിടങ്ങളിൽ ക്യാമ്പ് തുറന്നു. ചെമ്പനോട, ചെറുവണ്ണൂർ, പന്തിരിക്കര എന്നിവിടങ്ങളിലാണ് ആരോഗ്യ സംഘം ക്യാമ്പ് തുറന്നതായും മന്ത്രി അറിയിച്ചു.

error: Content is protected !!