മലപ്പുറത്ത് കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി : ഒരാള്‍ അറസ്റ്റില്‍

മലപ്പുറം കോട്ടപ്പടിയിൽ കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി. രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്ററുകളും മലപ്പുറം പൊലീസ് പിടിച്ചെടുത്തു. കള്ളനോട്ടുസംഘത്തിലെ പ്രധാനിയായ എറണാകുളം സ്വദേശി വിൽബർട്ടിനെ അറസ്റ്റ് ചെയ്തു. കേന്ദ്രത്തിൽ അച്ചടിച്ചകള്ളനോട്ട് ടൗണിലെ സൂപ്പർമാർക്കറ്റിൽ ചിലവാക്കാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് നിരീക്ഷണത്തിലായത്.

ഇന്നലെ വൈകിട്ട്, തിരക്കേറിയ സമയത്ത് കള്ളനോട്ട് ‘ട്രയൽ’ നോക്കാൻ സംഘത്തിലെ ഒരാൾ നഗരത്തിലെ സൂപ്പർ മാർക്കറ്റിലെത്തിയതോടെയാണ് പൊലീസിന് സൂചന ലഭിച്ചത്. സൂപ്പർ മാർക്കറ്റ് ജീവനക്കാർ അറിയിച്ചതനുസരിച്ച് വിൽബർട്ടിനെ പിന്തുടരുകയും നഗരത്തിലെ ഉൾപ്പാതകളിലൊന്നിലെ വാടകവീട് കണ്ടെത്തുകയുമായിരുന്നു. കോട്ടപ്പടിക്ക് സമീപത്തെ വാടക വീട്ടിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

എസ്ഐ ബി.എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളനോട്ട് പിടികൂടിയത്. കള്ളനോട്ട് സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്. അടുത്തിടെയാണ് എറണാകുളത്തുനിന്നുള്ള സംഘം മലപ്പുറം കോട്ടപ്പടിയിൽ വീട് വാടകയ്ക്കെടുത്തതും പ്രിന്ററുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയതും.

error: Content is protected !!