സര്‍ക്കാര്‍ കെവിന്‍റെ കുടുംബത്തിനൊപ്പമെന്ന് മുഖ്യമന്ത്രി : കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി

മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.ദുരഭിമാനത്തിന്‍റെ പേരിൽ കൊല്ലപ്പെട്ട കെവിന്‍റെ കുടുംബത്തിനൊപ്പമാണ് സർക്കാരെന്നും കേസിൽ കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കെവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഐജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടരുകയാണ്. കേസിലെ മുഖ്യപ്രതികളെയും അവർ ഉപയോഗിച്ച വാഹനങ്ങളും കസ്റ്റഡിയിലായിക്കഴിഞ്ഞു. കുറ്റക്കാർക്ക് ഒരു സംരക്ഷണവും ലഭിക്കില്ല. പോലീസുകാർ കേസിൽ കുറ്റക്കാരാണെങ്കിൽ കർക്കശമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെവിനെ തട്ടിക്കൊണ്ടുപോയ ശേഷം വിഷയത്തിൽ ഇടപെടുന്നതിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരേ സ്വാഭാവിക നടപടിയുണ്ടായത്. തനിക്ക് സുരക്ഷയൊരുക്കാൻ എസ്ഐ വന്നിരുന്നുവെന്ന കാര്യം മുഖ്യമന്ത്രി സമ്മതിച്ചു. മുഖ്യമന്ത്രി ഒരു സ്ഥലത്ത് എത്തിയാൽ, ആ സ്ഥല പരിധിയിൽ വരുന്ന സ്റ്റേഷനിലെ എസ്ഐ അവിടെയെത്തുക എന്നത് സാധാരണ നടക്കുന്ന കാര്യമാണ്. ഇത് പുതിയതായുണ്ടായ കീഴ് വഴക്കമല്ല. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കോട്ടയം മെഡിക്കൽ കോളജിൽ താൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. കെവിൻ എന്ന യുവാവിനെ ഞായറാഴ്ച പുലർച്ചെയാണ് തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായത്. അതിനാൽ തനിക്ക് സുരക്ഷയൊരുക്കുന്നതിനായി കെവിന്‍റെ ഭാര്യയുടെ പരാതി സ്വീകരിച്ചില്ലെന്ന് പറയുന്നതിൽ വസ്തുതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തനിക്ക് എന്തിനാണിത്ര സുരക്ഷയെന്ന പ്രതിപക്ഷ നേതാവിന്‍റെ ചോദ്യത്തിനും മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷയുടെ കാര്യം താൻ മാത്രമല്ല തീരുമാനിക്കുന്നത്. മുഖ്യമന്ത്രി പദവിയൊഴിഞ്ഞാൽ താൻ സാധാരണക്കാരനായിട്ടല്ലേ നടക്കുക എന്നും മുഖ്യമന്ത്രി ചോദിച്ചു.

error: Content is protected !!