കൊട്ടിയൂരില്‍ വൈശാഖ മഹോത്സവത്തിന് തുടക്കമായി : നെയ്യാട്ടം നാളെ

ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂരില്‍ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചിരിക്കെ നാടിന്റെ നാനാഭാഗങ്ങളിലും ഒരുക്കങ്ങള്‍ തകൃതിയായിരിക്കുകയാണ്.വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടം നാളെ നടക്കും. ഇതിന്‍റെ ഭാഗമായി നെയ്യമൃത് സംഘങ്ങള്‍ പുറപ്പെട്ടു. 80 ഓളം മഠങ്ങളില്‍ നിന്നുള്ള നെയ്യമൃത് സംഘങ്ങളാണ് കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചത്.

പ്രകൃതിയും മനുഷ്യനും ഇതുപോലെ ഇഴചേരുന്ന ഉത്സവം മറ്റൊന്നില്ല എന്നുതന്നെ പറയാം.മനുഷ്യ കുലത്തിലെഎല്ലാ വിഭാഗങ്ങള്‍ക്കും തുല്യപരിഗണനയുള്ളതാണ് കൊട്ടിയൂര്‍ വൈശാഖ മഹോത്സവം.
ഞായറാഴ്ച്ച രാത്രി നടക്കുന്ന നെയ്യാട്ടത്തോടെയാണ് അക്കരെ കൊട്ടിയൂരില്‍ ഭക്തജനപ്രവാഹം ആരംഭിക്കുക.മൂന്ന് ആഴ്ച്ചത്തെ വ്രതത്തിന് ശേഷം തിങ്കളാഴ്ച്ച മഠങ്ങളില്‍ കയറിയ സംഘങ്ങൾ ആചാരപൂര്‍വ്വമാണ് ഇവിടങ്ങളിൽ താമസിച്ചുവന്നത്.നാട്ടില്‍ നിന്നും ശേഖരിക്കുന്ന കൈതോലകള്‍ കൊണ്ട് പ്രത്യേകതരം നാരുകള്‍ ഉണ്ടാക്കിയാണ് നെയ്ക്കിണ്ടികള്‍ ഒരുക്കുന്നത്.

വിവിധ ചടങ്ങുകള്‍ക്ക് ശേഷം ഇന്ന് കാലത്തു മുതലാണ് നെയ്യമൃത് സംഘങ്ങള്‍ കൊട്ടിയൂരിലേക്ക് പുറപെട്ടത് . വൈകിട്ടോടെ മണത്തണ ഗോപുരത്തില്‍ ഒത്തുചേര്‍ന്ന നെയ്യമൃത് സംഘം നാളെ(ഞായറാഴ്ച) കാലത്ത് വില്ലിപ്പാലന്‍കുറുപ്പിന്റെയും, തമ്മങ്ങാടന്‍ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലാണ് കൊട്ടിയൂരില്‍ എത്തിച്ചേരുക. മുതിരേരി ക്ഷേത്രത്തില്‍ നിന്നും എത്തിക്കുന്ന വാള്‍ പെരുമാളിന് മുന്നില്‍ എഴുന്നള്ളിച്ചതിന് ശേഷമാണ് നെയ്യാട്ടം നടക്കുക. നൂറ് കണക്കിന് നെയ്ക്കിണ്ടികളില്‍ നിന്നും നെയ്യഭിഷേകം ചെയ്യുന്നതോടെയാണ് 11 മാസക്കാലമായി മൂടിക്കിടക്കുന്ന സ്വയംഭൂവില്‍ പൂജകള്‍ ആരംഭിക്കും. ഇതോടെ കൊട്ടിയൂരില്‍ ഭക്തജനപ്രവാഹത്തിനും തുടക്കമാകും

error: Content is protected !!