രാജീവൻ കാവുമ്പായി പത്രപ്രവർത്തക അവാർഡ് വിതരണം ചെയ്തു : മാധ്യമങ്ങള്‍ മൂലധന ശക്തികളുടെ പിടിയിലെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ 

കണ്ണൂര്‍: പെയ്ഡ് ന്യൂസിന് പുറമെ സമൂഹത്തിന്റെ പൊതുബോധം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ചിലര്‍ വന്‍തുക നല്‍കി മാധ്യമങ്ങളെ വിലയ്‌ക്കെടുക്കുകയാണെന്ന് ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കണ്ണൂര്‍ പ്രസ്‌ക്ലബും ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷനും ഏര്‍പ്പെടുത്തിയ രാജീവൻ കാവുമ്പായി പത്രപ്രവർത്തക അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണമുണ്ടെങ്കില്‍ ആര്‍ക്കും മാധ്യമങ്ങളെ വിലയ്‌ക്കെടുക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. അതാണ് അടുത്തിടെ പ്രമുഖ വെബ്‌പോര്‍ട്ടല്‍ തുറന്നുകാട്ടിയത്. എല്ലാം മാധ്യമമുതലാളിമാര്‍ തീരുമാനിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രസക്തി നഷ്ടമായി. അവര്‍ നല്‍കുന്ന ഉള്ളടക്കം നിര്‍മിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. ഈവിധം മാധ്യമപ്രവര്‍ത്തകരെ വെറും യന്ത്രങ്ങളായി മാറ്റുന്നു. ഹിന്ദുത്വ വര്‍ഗീയതയും ആശയങ്ങളും ഉല്‍പാദിക്കുക എന്നതാണ് ഇത്തരം നീക്കള്‍ക്കു പിന്നില്‍. ധനമൂലധന ശക്തികളുടെ പിടിയിലാണ് മാധ്യമങ്ങള്‍. ലാഭം മാത്രമായി ലക്ഷ്യം ചുരുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമി പാലക്കാട് യൂനിറ്റിലെ സീനിയര്‍ സബ് എഡിറ്റര്‍ കെ ടി എബ്രഹാം അവാര്‍ഡ് ഏറ്റുവാങ്ങി. ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍ എ വി അനില്‍കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ്‌ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ് അധ്യക്ഷത വഹിച്ചു.

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രട്ടറി സി നാരായണന്‍, ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി പി കരുണാകരന്‍ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി പി അജീന്ദ്രന്‍ നന്ദിയും പറഞ്ഞു. കെ ടി എബ്രഹാം മറുപടിപ്രസംഗം നടത്തി.

error: Content is protected !!