കര്‍ണാടകത്തില്‍ രാഷ്ട്രീയ നാടകം; കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി

കർണാടകയിൽ എങ്ങനെയും സർക്കാരുണ്ടാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതിനിടയിലും പാർട്ടി ക്യാംപിൽ ആശങ്ക പടരുന്നു. രാവിലെ ചേരാനിരുന്ന നിയമസഭാകക്ഷി യോഗത്തിലേക്ക് മുഴുവൻ എംഎൽഎമാരും എത്താത്തതാണ് ആശങ്കയ്ക്കിടയാക്കുന്നത്. 78 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചിരുന്നത്. എന്നാൽ 66 പേർ മാത്രമാണ് യോഗത്തിനെത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) ഓഫിസിലാണ് യോഗം.

ജനതാദൾ സെക്കുലർ (ജെഡിഎസ്) നിയമസഭാകക്ഷി യോഗത്തിലും രണ്ട് എംഎൽഎമാർ എത്തിയിട്ടില്ല. രാജ വെങ്കടപ്പ നായകയും വെങ്കട്ട റാവു നാഡഗൗഡയുമാണ് യോഗത്തിന് എത്താത്തത്. എംഎൽഎമാരെ പക്ഷത്താക്കാൻ പതിനെട്ടടവും പയറ്റി ബിജെപി രംഗത്തുള്ളതും പാർട്ടികളിൽ ആശങ്കയ്ക്കിടയാക്കുന്നുണ്ട്. അതിനിടെ, സോണിയ ഗാന്ധിയുടെ വിശ്വസ്തൻ അഹമ്മദ് പട്ടേൽ കൂടിയാലോചനകൾക്കായി ബെംഗളൂരുവിലേക്കു പുറപ്പെട്ടിട്ടുണ്ട്.

അതേ സമയം ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറെത്തിയിട്ടുണ്ട്. അതേസമയം, ചാക്കിടല്‍ ശ്രമം ബിജെപി മറച്ചുവയ്ക്കുന്നുമില്ല. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം തകര്‍ക്കാന്‍ ബെള്ളാരിയിലെ റെഡ്ഡി സഹോദരങ്ങളുടെ ഉറ്റ അനുയായി ശ്രീരാമുലുവിനെയാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്. ബെല്ലാരിയിലെ മൂന്ന് എംഎല്‍എമാരെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നതും.

അതേസമയം ബിജെപി നേതാവ് യെദ്യൂരപ്പ രാജ്ഭവനിലെത്തി. ഗോവ മോഡല്‍ അട്ടിമറിക്ക് മോദിയുടെ അനുയായി കൂടിയായിരുന്ന ഗവര്‍ണര്‍ കൂട്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് എത്തിയത് 58 എംഎല്‍എമാരാണ്. ബാക്കിയുള്ള എംഎല്‍എമാരെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.