യദ്യൂരപ്പ തുടരുമോ; ഇന്നറിയാം

കര്‍ണാടകത്തിൽ ബി.എസ് യദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാൻ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോൺഗ്രസും ജെഡിഎസ്സും നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് യദ്യൂരപ്പ ഗവര്‍ണര്‍ക്ക് നൽകിയില്ലെന്ന് തെളിഞ്ഞാൽ മുഖ്യമന്ത്രി ആയ തീരുമാനം റദ്ദാക്കാനും മടിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമമണി വരെ നീണ്ട വാദത്തിനൊടുവിലാണ് ഇന്നലെ ബി എസ് യദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ സുപ്രീംകോടതി അനുവദിച്ചത്. യദ്യൂരപ്പ മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് നൽകിയ കത്ത് ഹര്‍ജിക്കാര്‍ക്ക് ഹാജരാക്കാൻ ആയിരുന്നില്ല. ഈ കത്ത് കണ്ട ശേഷമേ അവസാന തീരുമാനം പറയാൻ കഴിയൂവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കത്ത് ഹാജരാക്കാൻ കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധിയായ അറ്റോണി ജനറൽ കെ കെ വേണുഗോപാലിനോടും ബിഎസ് യദ്യൂരപ്പയോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

ഇന്ന് ഈ കത്ത് പരിശോധിച്ച ശേഷം ഗവര്‍ണര്‍ വിവേചനാധികാരം ഉപയോഗിച്ചത് നീതിയുക്തമായാണോയെന്ന് സുപ്രീംകോടതി തീരുമാനിക്കും. അല്ലെന്ന് തെളിഞ്ഞാൽ യദ്യൂരപ്പ മുഖ്യമന്ത്രിയായ നടപടി തന്നെ കോടതിക്ക് റദ്ദാക്കാം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തിൽ നിയമസഭയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നതാകും യെദ്യൂരപ്പയുടെ പ്രധാന വാദം.

ഈ വാദം അംഗീകരിച്ചാലും 15 ദിവസം എന്ന ഗവര്‍ണര്‍ നൽകിയ സമയം സുപ്രീംകോടതിയ്ക്ക് വെട്ടിക്കുറയ്ക്കാം. കാര്‍ഷിക കടം എഴുതിത്തള്ളൽ, പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, ആംഗ്ലോ ഇന്ത്യൻ എംഎൽഎയുടെ നാമനിര്‍ദ്ദേശം തുടങ്ങി യദ്യൂരപ്പ കൈക്കൊണ്ട തീരുമാനങ്ങൾ നിലനിൽക്കുമോയെന്നും കോടതി വ്യക്തമാക്കും. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകൻ രാംജെത് മലാനിയുടെ അപേക്ഷയിലും സുപ്രീംകോടതിയുടെ തീരുമാനം ഇന്നുണ്ടാകും.

error: Content is protected !!