മലയോരങ്ങളെ വിറപ്പിച്ച് തോട്ടപൊട്ടിച്ച് മീന്‍പിടുത്തം

രേണുക വടക്കന്‍

എളുപ്പം പണമുണ്ടാക്കാന്‍ എന്ത്ചെയ്യും എന്നതിനുള്ള ലളിതമായ ഉത്തരം മോഷ്ടിക്കുക എന്നായിരിക്കും..! സമാനമായി മത്സ്യബന്ധനരീതിയിലെ കുപ്രസിദ്ധ മോഷണരീതിയാണ് തോട്ടപൊട്ടിക്കല്‍ അഥവാ,ബ്ലാസ്റ്റ് ഫിഷിംഗ്. മണിക്കൂറുകള്‍ ചിലവഴിച്ച് ക്ഷമാപൂര്‍വ്വം പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്നതില്‍ നിന്ന് വ്യത്യസ്തമായി അത്യാര്‍ത്തി സ്ഫുരിക്കുന്ന ഒരുതരം കൊള്ള തന്നെയാണിത്. കണ്ണൂര്‍ ജില്ലയിലെ വിവിധ മലയോരമേഖലകളിലെ ചെറുപുഴകളിലാണ് തോട്ടപൊട്ടിക്കല്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത്.

വളപട്ടണം പുഴയുടെ സുപ്രധാന കൈവഴികളായ കാട്ടാമ്പള്ളി, മയ്യില്‍, കണ്ടക്കൈ,കാക്കത്തുരുത്തി എന്നിവിടങ്ങളിലും ഇരിക്കൂര്‍,ഇരിട്ടി,ശ്രീകണ്ഠപുരം,ചെറുപുഴ എന്നിവിടങ്ങളിലുമാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും തോട്ടപൊട്ടിക്കല്‍ സജീവമായത്. ബോംബിന് സമാനമായി ഉഗ്രശേഷിയുള്ള ഇവ ജനജീവിതത്തിന് ഗുരുതരഭീഷണിയുയര്‍ത്തുകയാണ്.

സുലഭമായി ലഭിക്കുന്ന ചെറുബോംബുകള്‍

ജില്ലയിലെ ക്വാറികളുമായി ബന്ധപ്പെട്ട് അനധികൃത കൈമാറ്റങ്ങളിലൂടെ സംഘടിപ്പിക്കുന്ന സ്ഫോടകവസ്തുക്കള്‍ വിവിധരീതികളാല്‍ പുന:ക്രമീകരിച്ചാണ് തോട്ടകള്‍ ഉണ്ടാക്കുന്നത്. ഇതിനായി നിരവധി നാടന്‍ രീതികള്‍ തന്നെ നിലവിലുണ്ട്. ജലാറ്റിന്‍ സ്റ്റിക്ക് ഉപയോഗിച്ചുള്ള നിര്‍മ്മാണമാണ് ഇതില്‍ പ്രധാനം. കൂടാതെ കല്ലുപ്പ് ഡീസലില്‍ കുതിര്‍ത്ത് പൊടിച്ചെടുത്ത് വെടിമരുന്നു ചേര്‍ത്തും , ബിയര്‍ കുപ്പികളില്‍ സ്പോടകവസ്തുക്കള്‍ കടത്തിവച്ചും, അലൂമിനിയം പൌഡര്‍ ഉപയോഗിച്ചും ഇത്തരത്തില്‍ തോട്ടകള്‍ നിര്‍മ്മിക്കുന്നുണ്ട്.

ക്വാറികളില്‍ ജോലിചെയ്യുന്നവര്‍ക്ക് കുറച്ച് മത്സ്യവും,പണവും കൊടുത്താല്‍ വെടിമരുന്നും,ജലാറ്റിന്‍ സ്റ്റിക്കും എളുപ്പം സംഘടിപ്പിക്കാനാകും. അത്യന്തം അപകടകരമായാണ് ഇവയുടെയൊക്കെ നിര്‍മ്മാണം. ചാക്ക് കയര്‍ കൊണ്ട് മുറുക്കുമ്പോള്‍ അപകടം സംഭവിച്ചും, മറ്റ് അശ്രദ്ധകളാലും കൈവിരലുകള്‍ അറ്റുപോയും,കൈ തന്നെ മുറിച്ച് കളയേണ്ടി വന്നവരും മലയോര ഗ്രാമങ്ങളില്‍ ഇന്നും നിരവധിയുണ്ട്. ഇരിട്ടി ഭാഗങ്ങളില്‍ ഇപ്പോഴും സുലഭമായി തോട്ടകള്‍ ലഭിക്കുന്ന രഹസ്യ കേന്ദ്രങ്ങള്‍ തന്നെയുണ്ട്‌.

രാഷ്ട്രീയാതിക്രമങ്ങളില്‍ ഇത്തരം ഇടങ്ങളുടെ പങ്ക് പ്രത്യേകം അന്വേഷിക്കേണ്ടതുണ്ട്. മയ്യില്‍, കണ്ടക്കൈ,ചെറുപുഴ ഭാഗങ്ങളില്‍ ഇപ്പോഴും ദിവസേന തോട്ടപോട്ടിച്ചുള്ള മീന്‍പിടുത്തം നടന്നുപോരുന്നുണ്ട്. പുലര്‍ച്ചെ അഞ്ചു മുതല്‍ ഏഴുവരെ വിവിധപുഴയിടുക്കുകളില്‍, കരയില്‍ നിന്നും മത്സ്യസഞ്ചാരം നിരീക്ഷിച്ചശേഷം തോട്ടയെറിയുന്ന ഇവര്‍ കൈത്തോണിയില്‍ ചെന്ന് ചത്ത് പൊങ്ങിയ വലിയ മത്സ്യങ്ങളെ ശേഖരിച്ച് അതിവേഗം മറയുകയാണ് പതിവ്. മത്സ്യങ്ങളെ കൂട്ടത്തോടെ ആകര്‍ഷിക്കുവാന്‍ കപ്പ പോലുള്ള ഭക്ഷ്യവസ്തുക്കള്‍ പുഴയില്‍ നിക്ഷേപിക്കാറുണ്ട്. പുഴയരികുകളിലെ വീടുകളില്‍ തോട്ടകള്‍ ശേഖരിച്ച് വെക്കുന്നവര്‍ നിരവധിയുണ്ടെന്ന് ന്യൂസ്‌ വിങ്ങ്സ് നടത്തിയ അന്വേഷണത്തില്‍ നാട്ടുകാരില്‍ ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു.

ജലജീവികള്‍ക്ക് നേരെയുള്ള ക്രൂരത

പാരിസ്ഥിതിക തലത്തില്‍ നിന്ന് നിരീക്ഷിക്കുകയാണെങ്കില്‍ അത്യന്തം വിനാശകരമായ ക്രൂരതയാണ് തോട്ടപൊട്ടിക്കല്‍ എന്ന് കാണാന്‍ കഴിയും.അതിസങ്കീര്‍ണ്ണവും,സൂക്ഷ്മവുമായ ഒരു ജലജീവവ്യവസ്ഥയില്‍,അതിലെ ജൈവവിന്യാസങ്ങളെ ഗുരുതരമായി പരിക്കേല്‍പ്പിക്കുവാന്‍ ഇത് കാരണമാകുന്നുണ്ട്. വലിയ മത്സ്യങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള ഈ ദുര്‍പ്രവര്‍ത്തി നൂറുകണക്കിന് ചെറുമീനുകളെയും, ചെമ്മീന്‍, ഞണ്ട്, ആമ , പാമ്പുകള്‍ തുടങ്ങി നിരവധി സമാന്തരജീവികളുടെ നാശത്തിനും കാരണമാവുകയാണ്.

സ്ഫോടക വസ്തുക്കള്‍ കലരുമ്പോളുള്ള രാസമലിനീകരണം ഇതിനുപുറമെയാണ്. തോട്ടപൊട്ടിച്ച ശേഷം നൂറുകണക്കിന് ചെറു മത്സ്യങ്ങള്‍ ചത്തുപൊങ്ങി ഒഴുകി നീങ്ങുന്ന കാഴ്ചകള്‍ മലയോര-പുഴകളില്‍ ഇന്ന് നിത്യ കാഴ്ചയായിരിക്കുന്നുണ്ട്. തോട്ടപൊട്ടിക്കുമ്പോള്‍ വന്‍ശബ്ദമുണ്ടാകുമെങ്കിലും,പരിചയക്കാര്‍ ആയിരിക്കുമെന്നതിനാലും, ഭവിഷത്തിനെക്കുറിച്ചുള്ള അജ്ഞതയാലും പലപ്പോഴും നാട്ടുകാരില്‍ നിന്നും പ്രതിഷേധം ഉയരുന്നില്ല. ഇത്തരത്തില്‍ തോട്ടപൊട്ടിച്ച് പിടിക്കുന്ന മീനുകളെ തളിപ്പറമ്പ്,ശ്രീകണ്ഠപുരം,ചെറുപുഴ മാര്‍ക്കറ്റുകളില്‍ പതിവായി എത്തിക്കുന്നവരുണ്ട്. തോട്ടമീനുകളെ അവയ്ക്ക് സംഭവിക്കുന്ന പരിക്കുകളാല്‍ പരിചിതര്‍ക്ക് എളുപ്പം തിരിച്ചറിയാനുമാകും.

നടപടികളില്ല..നിരീക്ഷണം പോലും..

ഉള്‍നാടന്‍ പ്രദേശങ്ങളില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇടപെടലുകളുടെ പോരായ്മയാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം ഹീനകൃത്യങ്ങള്‍ക്ക് കാരണം . മനുഷ്യവധം തന്നെ സാധിക്കുന്ന ഉഗ്രശേഷിയുള്ള സ്പോടകവസ്തുക്കള്‍ നാട്ടിന്‍പുറങ്ങളില്‍ തുരുതുരാ പൊട്ടുന്നത് ജനങ്ങളുടെ സ്വൈരജീവിതത്തിനുണ്ടാക്കുന്ന ഭീഷണി ചെറുതൊന്നുമല്ല. ഇതിനെ ഗ്രാമീണം എന്ന് സാമാന്യവത്കരിക്കുന്നത് തന്നെ ഗുരുതരമായ കൃത്യവിലോപമാകുന്നുണ്ട്.നിയമംമൂലം നിരോധിക്കപ്പെട്ടിട്ടുള്ള ഇത്തരം പ്രാകൃതവൃത്തികള്‍ പരിസ്ഥിതിക്കും മനുഷ്യജീവിതത്തിനും മീതെ വിലസുകയാണ്.

വനമേഖലകളില്‍ വേട്ടക്കാരുടെ വെടിശബ്ദം കേട്ടാല്‍ സമീപത്തെ വീടുകളില്‍ നിന്നും വനംവകുപ്പ് ഓഫീസുകളിലേക്ക് നാട്ടുകാര്‍ ഫോണിലൂടെ അറിയിക്കാറുണ്ട്.അതിനാല്‍ തന്നെ കൃത്യമായി ഇടപെടാന്‍ വകുപ്പിന് മിക്കപ്പോഴും സാധിക്കുന്നു.സമാനമായി ഇത്തരം അപകടവൃത്തികള്‍ നടക്കുന്ന മേഖലകളില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഈ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് വിലങ്ങിടാന്‍ സാധിക്കുകയുള്ളൂ.പ്രകൃതി ഒരുക്കിയ ആവാസവ്യവസ്ഥിതിയെ നിലനിര്‍തേണ്ടുന്ന ബാധ്യത ഓരോരുത്തര്‍ക്കും ഉണ്ടെന്നുള്ള തിരിച്ചറിവാണ് ഇക്കാര്യത്തില്‍ വേണ്ടത്.

error: Content is protected !!