മണവാട്ടിയായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ

സാജു ഗംഗാധരൻ,
ന്യൂസ് വിങ്ങ്സ്.

കണ്ണൂർ സിറ്റിയെന്ന പുരാതന ചരിത്രനഗരി ഇന്ന് മറ്റൊരു ചരിത്ര നേട്ടത്തിനാണ് സാക്ഷിയായത്. സിറ്റി ഫെസ്റ്റിന്റെ ഭാഗമായി ആയിരത്തി അഞ്ഞുറ്പേർ അണിനിരന്ന ഒപ്പന ആയിക്കര മാപ്പിളബേ ഫിഷിങ്ങ് ഹാർബറിൽ അരങ്ങേറിയപ്പോൾ അത് കലാപ്രകടനത്തിനപ്പുറം, കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ ജാതിക്കും മതത്തിനും, രാഷ്ട്രീട്രീയത്തിനുമപ്പുറമുള്ള ഒരു വലിയ കൂട്ടായ്മയുടെ നന്മ മനസ് പറഞ്ഞുവച്ചു.ഈ ചരിത്ര നിയോഗം ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചു.
നിരവധി വർഷക്കാലമായി ഒപ്പന പരിശീലന കനായി പ്രശസ്തനായ നാസർ പറശ്ശിനിക്കടവിന്റെ പരിശീലനത്തിലാണ് ഒപ്പന അരങ്ങേറിയത്.

ആ മൊഞ്ചത്തി ആരായിരുന്നു?

അറബിക്കടൽ ഇന്ന് പതിവിലും സുന്ദരിയായിരുന്നു.വൈകുന്നേരത്തെ വെയിലേറ്റ് അവൾ പുളകിതയായി.ഇങ്ങ് കരയിൽ മൊഞ്ചത്തിമാർ അണിഞ്ഞൊരുങ്ങി എത്തിയതോടെ മണ്ണും,വിണ്ണും,കടലും, ഒഴുകിയെത്തിയ പുരുഷാരവും ഒരുപോലെ പുളകം കൊണ്ടു.

ആയിരത്തി അഞ്ഞൂറ് സഖിമാരും മുണ്ടും, കുപ്പായവും, കാച്ചിതട്ടവും,വളയുമിട്ട് അണിഞ്ഞൊരുങ്ങിയെത്തി. പിന്നെ ആ ഹൂറിക്കായി കാത്തു നിന്നു.എല്ലാവരുടെയും കണ്ണുകൾ ആ മൊഞ്ചത്തിയിലേക്ക്.സർവാട ഭര വിഭൂഷിതയായി, അത്തറ് പൂശി അവൾ എത്തി. സഖിമാർ അവളെ ആനയിച്ചു.കൂടി നിന്നവർ മണവാട്ടിയുടെ മൊഞ്ചിനെ കുറിച്ച് അടക്കം പറഞ്ഞു.ഇത് കേട്ട് മണവാട്ടി നാണത്തോടെ മുഖം കുനിച്ചു.പിന്നെ നിലാവിന്റെ ശോഭയോടെ പുഞ്ചിരി തൂകി.

ഈ മണവാട്ടിയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ?
കൂടി നിന്നവരിൽ പലരും ചോദിച്ചു. അതെ ആ ചിരി നിറഞ്ഞ മുഖം കണ്ണൂരിന് സുപരിചിതമാണ്. കണ്ണൂരിന്റെ സാംസ്ക്കാരിക,രാഷ്ട്രീയ മേഖലയിൽ നിറസാന്നിധ്യമായ ,കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് പി.പി ദിവ്യയായിരുന്നു ആ മണവാട്ടി. തിരിച്ചറിഞ്ഞവർ പലരും അത്ഭുതംകൂറി.

“സന്തോഷത്തിനപ്പുറം ചരിത്ര ഉദ്യമത്തിന്റെ ഭാഗമാകാൻ സാധിച്ചതിന്റെ അഭിമാനമുണ്ട്.
ഒപ്പം പഴയ കലോത്സവ കാലത്തേക്ക് തിരിച്ചുപോയി ഞാൻ”.പി.പി ദിവ്യ ന്യൂസ് വിങ്ങ്സിനോട് പ്രതികരിച്ചു.

മനം നിറഞ്ഞ് കണ്ണൂർ സിറ്റി

അഞ്ച്നാൾ കലയുടെ, സംസ്കാരത്തിന്റെ, സൗഹൃദത്തിന്റെ പറുദീസ തീർത്തു കണ്ണൂർ സിറ്റി ഫെസ്റ്റ് എന്ന ആഘോഷം.ഏറ്റവും വലിയ കലാപ്രകടനങ്ങൾ വേദിയിൽ തിമിർത്താടി, ഒത്തുചേർന്നവരുടെ മുന്നിൽ ഒരുമയുടെ വലിയ സ്നേഹം നിറഞ്ഞു .അറബിക്കടലിന്റെ തീരത്ത് അറക്കൽ കെട്ടിന് അടുത്തായി മറ്റൊരു ചരിത്ര നിമിഷങ്ങൾ പുതു തലമുറ എഴുതി ചേർത്തു.
സിറ്റിയുടെ ഒരുമയുടെ പുതിയ ചരിത്രം.

error: Content is protected !!