കേരളത്തില്‍ അതിശക്തമായ മഴ :മുൻകരുതൽ ശക്തമാക്കാന്‍ ജില്ലാ കലക്ടർമാർക്ക് നിര്‍ദ്ദേശം

വളരെ അപൂർവമായി മാത്രമേ കാലാവസ്ഥാ വകുപ്പ് അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് നല്‍കാറുള്ളു. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അഗ്നിശമന സേനാ വിഭാഗങ്ങൾക്കും ജാഗ്രതാനിർദേശം നൽകി. 21 സെ.മീ. വരെ മഴ കേരളത്തിൽ ലഭിക്കുമെന്നും ഈ സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കണമെന്നും ജില്ലാ കലക്ടർമാർക്കും നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികൾ 30 വരെ കടലിൽ പോകരുത്.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താൻ പൊലീസിനു നിർദേശമുണ്ട്. 28 വരെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കും. 25നു ശക്തമായ മഴയും ശനിയാഴ്ച അതിശക്തമായ മഴയും ലഭിക്കും. 12 മുതൽ 20 സെ.മീ. വരെയായിരിക്കും ശനിയാഴ്ച മഴ ലഭിക്കുക. മുന്നറിയിപ്പു ശ്രദ്ധയോടെ കണക്കാക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

മേയ് 29 വരെ താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കണം. ഉയർന്ന തിരമാലകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ നടപടിയെടുക്കും. ആവശ്യമാണെങ്കില്‍ മാത്രം ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാൻ നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പു വരുത്താനും നിർദേശമുണ്ട്.

ക്യാംപുകൾ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫിസര്‍മാര്‍/ തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതണം. 26നു കേരളത്തിൽ ചിലയിടങ്ങളിൽ 20 സെ.മീ. വരെയുള്ള അതിശക്തമായ മഴയുണ്ടാകും. 27നു ചിലയിടങ്ങളിൽ ശക്തമായ മഴ പെയ്യും. ഒന്നോ രണ്ടോയിടങ്ങളിൽ മഴ അതിശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. 28നും 29നും ഇതു തുടരും. ലക്ഷദ്വീപിൽ 30 വരെ പലയിടത്തും അതിശക്തമായ മഴ ലഭിക്കും.

error: Content is protected !!