മെഡിക്കൽ പ്രവേശന ബില്ലിൽ സ്വകാര്യ മാനേജുമെന്‍റുകളെ സഹായിക്കാനാണെന്ന് വി.ടി. ബൽറാം

പാലക്കാട് കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾ ചട്ടം ലംഘിച്ച് നടത്തിയ പ്രവേശനം സാധൂകരിക്കാനുള്ള ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കിയപ്പോൾ ഒറ്റയാൾ എതിർപ്പുമായി വി.ടി. ബൽറാം രംഗത്ത്. ബിൽ സ്വകാര്യ മാനേജുമെന്‍റുകളെ സഹായിക്കാനാണെന്ന് ചൂണ്ടിക്കാട്ടി ബൽറാം ക്രമപ്രശ്നം ഉന്നയിച്ചു.

ബില്ല് നിയമ വിരുദ്ധവും ദുരുപദേശപരവും ആണെന്നും ഇത് അഴിമതിക്ക് വഴി ഒരുക്കുമെന്നും ബൽറാം പറഞ്ഞു. വിദ്യാർഥികൾക്ക് എതിരായല്ല താൻ സംസാരിക്കുന്നതെന്നും ബൽറാം കൂട്ടിച്ചേർത്തു. എന്നാൽ ബില്ലിന്‍റെ സാധുത സുപ്രീംകോടതിയുടെ പരിഗണനയിൽ മാത്രമാണെന്നും ബൽറാമിന്‍റെ ക്രമപ്രശ്നം നിലനിൽക്കില്ലെന്നും സ്പീക്കർ പറഞ്ഞു.

ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബൽറാമിന്‍റെ നിലപാട് തള്ളി രംഗത്തെത്തി. വിദ്യാർഥികളുടെ ഭാവിയെ കരുതിയാണ് ബില്ലിനെ അനുകൂലിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. ഭരണകക്ഷിയുമായി ഇക്കാര്യത്തിൽ ഒത്തുകളിയൊന്നുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

error: Content is protected !!