ശ്രീജിത്തിന് പരിക്കേറ്റത് പൊലീസ് മര്‍ദ്ദനത്തില്‍ തന്നെ, പൊലീസ് വാദം പൊളിയുന്നു

വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ വെള്ളിയാഴ്ചയിലെ സംഘർഷത്തിൽ പരിക്കേറ്റെന്ന പൊലീസിന്‍റെ വാദം പൊളിയുന്നു. ശ്രീജിത്തിന് പരിക്കേറ്റത് കസ്റ്റഡിയിൽവച്ച് തന്നെയെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ മൊഴി നല്‍കി. ശ്രീജിത്തിന്‍റെ ശരീരത്തിലെ മുറിവിന്‍റെ പഴക്കം മൂന്ന് ദിവസം വരെ മാത്രമാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടർമാർ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. അതേസമയം നേരത്തെ അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കൊലപാതക കേസായി മാറ്റിയിരുന്നു. ഇതിനൊപ്പം അന്യായമായി തടങ്കലിൽവെച്ചെന്ന വകുപ്പും പുതുതായി ഉള്‍പ്പെടുത്തി.
മരണകാരണമായ വയറിനുള്ളിലെ പരിക്ക് പറ്റിയത് ഏത് സമയത്താണ് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡോക്ടര്‍മാരുടെ മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം അന്വേഷണസംഘം ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും.
സംഭവത്തില്‍ സസ്‌പെൻഡ് ചെയ്ത റൂറൽ ടൈഗര്‍ ഫോഴ്‌സിലെ സന്തോഷ്. ജിതിൻ രാജ്. സുമേഷ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിലെടുത്തെങ്കിലും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഏതാനും മിനിറ്റുകൾ മാത്രമാണ് ശ്രീജിത്ത് ഒപ്പമുണ്ടായിരുന്നതെന്നും ഈ സമയത്ത് മർദ്ദിച്ചിട്ടില്ലെന്നുമാണ് ഇവർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
മുനമ്പം പൊലീസിന്റെ കസ്റ്റഡി വാഹനത്തിലേക്ക് ശ്രീജിത്തിനെ കൈമാറിയെന്ന ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സസ്പെന്‍റ് ചെയ്ത വരാപ്പുഴ എസ്ഐ ഉൾപ്പടെയുള്ളവരെയും ചോദ്യം ചെയ്തേക്കും. ശ്രീജിത്തിന് മർദ്ദനമേറ്റത് സംബന്ധിച്ച വിവരങ്ങൾക്ക് ഫോറൻസിക് വിദഗ്ധരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.

error: Content is protected !!