ഉന്നാവോ പീഡനക്കേസ്; ബിജെപി എംഎല്‍എ അറസ്റ്റില്‍

ഉന്നാവോ ബലാത്സംഗക്കേസിൽ എംഎൽഎ കുൽദീപ് സിംഗ് സെങ്കാറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. കോൺഗ്രസിന്‍റെ അർദ്ധരാത്രി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് ലക്‌നൗവിലെ വീട്ടില്‍ നിന്നും എംഎല്‍എയെ സിബിഐ കസ്റ്റഡിയിലെടുക്കയായിരുന്നു.

കത്ത്വ, ഉന്നാവോ സംഭവങ്ങൾ ഉയര്‍ത്തി രാഹുൽഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ ഇന്നലെ ഇന്ത്യാഗേറ്റിലേക്ക് അര്‍ദ്ധരാത്രിയിൽ പ്രതിഷേധ മാര്‍ച്ച് നടത്തി. മെഴുകുതിരിയും പ്ളക്കാര്‍ഡുകളുമായി നൂറുകണക്കിന് പേരാണ് അര്‍ദ്ധരാത്രി മാര്‍ച്ചിന്‍റെ ഭാഗമായത്. പെണ്‍കുട്ടികൾക്ക് നേരെ നടന്ന അതിക്രമം രാഷ്ട്രീയ വിഷയമല്ല മറിച്ച് ദേശീയ വിഷയമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

വന്‍ തോതിലുള്ള പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈകുന്നേരം സിബിഐ അന്വേഷണം ഏറ്റെടുത്തത്. സംഭവത്തില്‍ ഉന്നാവോയിലെ സെംഗര്‍, മാഖി എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളാണ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്.

ഉന്നാവോയില്‍ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ആദ്യ പരാതി ലഭിച്ചത് കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു. ഉത്തര്‍പ്രദേശില്‍ മകളെ കൂട്ടബലാത്സംഗം ചെയ്ത എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ പ്രതികരിച്ച പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിരുന്നു .പതിനൊന്ന് വയസുമുതല്‍ ആരംഭിച്ച പീഡനത്തിനെതിരെ പ്രതികരിക്കേണ്ടിയിരുന്നില്ലെന്ന് പിന്നീട് കേസിലെ ഇര തന്നെ പറഞ്ഞതോടെ രാജ്യം മുഴുവന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് കേസ് സിബിഐക്ക് വിട്ട് തലയൂരാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിച്ചത്.

error: Content is protected !!