ഇന്ത്യ കിതയ്ക്കുമ്പോള്‍ റിലയന്‍സ് കുതിക്കുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അവരുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ അവസാന പാദ ലാഭവിഹിതത്തില്‍. ലാഭത്തില്‍ 17.26 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയ റിലയന്‍സിന് മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 9,435 കോടി രൂപയായിരുന്നു ലാഭം. കഴിഞ്ഞ വര്‍ഷം ഇത് 8,046 കോടി രൂപയായിരുന്നു. റിലയന്‍സിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങളില്‍ ഒന്നായ ജിയോയ്ക്ക് മാത്രം 510 കോടി രൂപ ലാഭവിഹിതമാണ് ലഭിച്ചിരിക്കുന്നത്.

പെട്രോ കെമിക്കല്‍ സെഗ്‌മെന്റില്‍ പുതിയ പ്ലാന്റുകള്‍ തുറക്കാന്‍ സാധിച്ചത് ലാഭവിഹിതം വര്‍ദ്ധിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ റിഫൈനറി ഓഫ് ഗ്യാസ് ക്രാക്കര്‍ പ്ലാന്റ് റിലയന്‍സ് ജാംനഗറില്‍ തുറന്നത്. അതോടൊപ്പം തന്നെ എണ്ണ വിലയിലുണ്ടായ വര്‍ദ്ധനവും റിലയന്‍സിന് ഗുണകരമായി ഭവിച്ചു.

മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ജിയോയുടെ ലാഭം ആറ് കോടി രൂപയോളം വര്‍ദ്ധിച്ചിട്ടുണ്ട്. മൂന്നാം പാദത്തില്‍ 504 കോടി രൂപയായിരുന്നു ലാഭം. 6879 കോടി രൂപയില്‍നിന്ന് 7128 കോടി രൂപയായിട്ടാണ് ജിയോയുടെ വരുമാനം വര്‍ദ്ധിച്ചത്. അതായത് ഒരു ജിയോ യൂസറില്‍നിന്ന് റിലയന്‍സിന് ലാഭം 134 രൂപ.

2018 സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ലഭിച്ച ആകെ വരുമാനം 430,731 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 30.5 ശതമാനത്തിന്റെ വര്‍ദ്ധനവ്. 330,180 കോടി രൂപയായിരുന്നു 2017 സാമ്പത്തിക വര്‍ഷത്തിലെ ആകെ വരുമാനം. പ്രോഫിറ്റ് ആഫ്റ്റര്‍ ടാക്‌സ് 20.6 ശതമാനം വര്‍ദ്ധിച്ച് 36,075 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 29,901 കോടി രൂപയായിരുന്നു.

ഒരു ഷെയറിന് ആറ് രൂപ ഡിവിഡന്റാണ് റിലയന്‍സ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

error: Content is protected !!