സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്; സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച ഇന്ന്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്ന് സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച നടക്കും. പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും വരുത്തേണ്ട മാറ്റങ്ങള്‍ ആലോചിക്കാന്‍ പിബി യോഗം വൈകിട്ട് ചേരും. പാര്‍ട്ടിയുടെ പുതിയ നേതൃത്വത്തേയും വൈകിട്ട് തിരഞ്ഞെടുത്തേക്കും സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത. നാളെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുന്നത്.

ഇന്നലെ കരടു രാഷ്ട്രീയപ്രമേയത്തിന്‍മേല്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഒത്തു തീര്‍പ്പില്‍ എത്തിയിരുന്നു. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ പാടില്ല എന്ന ഭാഗം തിരുത്തി രാഷ്ട്രീയ സഖ്യം പാടില്ല എന്നാക്കി മാറ്റി. പോളിറ്റ് ബ്യൂറോ യോഗത്തില്‍ രഹസ്യബാലറ്റ് വോട്ടെടുപ്പ് വേണം എന്ന് സീതാറാം യെച്ചൂരി ആദ്യം ആവശ്യപ്പെട്ടിരുന്നു. 13 സംസ്ഥാനങ്ങളാണ് രഹസ്യ ബാലറ്റ് എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. ഇത്രയും സംസ്ഥാന ഘടകങ്ങളുടെ നിലപാട് തള്ളി മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പിന് വഴി തെളിഞ്ഞത്.

സീതാറാം യെച്ചൂരിക്ക് കരടു പ്രമേയത്തിലെ മാറ്റം നേട്ടമായി. ഇന്നലെ എസ് രാമചന്ദ്രന്‍ പിള്ള അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ ഇന്ന് ചര്‍ച്ച നടക്കും. വൈകിട്ട് പുതിയ പിബി, സിസി എന്നിവ ആലോചിക്കാന്‍ പോളിറ്റ് ബ്യൂറോ യോഗം ചേരും. യോജിപ്പിന്റെ അന്തരീക്ഷം ഉണ്ടായ സാഹചര്യത്തില്‍ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത.

പിബിയില്‍ നിന്ന് ഒഴിവാകണം എന്ന നിലപാടാണ് എണ്‍പത് വയസു കഴിഞ്ഞതിനാല്‍ എസ് രാമചന്ദ്രന്‍പിള്ള നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പ്രായപരിധിയില്‍ എസ് ആര്‍പി ഇളവു നല്കണോ എന്ന് പിബി ആലോചിക്കും. വിഎസ് അച്യുതാനന്ദനെ കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി നിലനിറുത്തണം എന്ന അഭിപ്രായമാണ് സീതാറാം യെച്ചൂരിക്കുള്ളത്. നാളെയാവും സംഘടനാ റിപ്പോര്‍ട്ടിന്റെ മറുപടി. നാളെ ഉച്ചയോടെ പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്ത് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കും.

error: Content is protected !!