പിണറായിയില്‍ കുടുംബത്തിന്‍റെ ദുരൂഹ മരണം; കൊലപാതകം തന്നെയെന്ന് പോലീസ്

പിണറായിയിൽ ഒരു കുടുംബത്തിലെ തുടർമരണങ്ങൾ സംബന്ധിച്ച് അന്തരികാവയവ പരിശോധന റിപ്പോര്‍ട്ടില്‍ നിര്‍ണായക കണ്ടെത്തല്‍. മൃതദേഹത്തില്‍ വിഷത്തിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. കേസില്‍ മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ നിന്നാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സൗമ്യയുടെ അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത്. ഇവരെ ആശുപത്രിയില്‍ നിന്ന് മാറ്റി പോലീസ് വീട്ടിൽ എത്തി ഇവരെ ചോദ്യം ചെയ്യും.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇന്നലെ ഒന്‍പതുകാരിയായ ഇവരുടെ മകളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടിലെ ഐശ്വര്യയുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ജനുവരി 21 നാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍വച്ച് ഐശ്വര്യ മരണമടഞ്ഞത്.

ഒരുമാസത്തിനിടയില്‍ കുടുംബത്തിലെ നാലുപേര്‍ മരണപ്പെട്ടതാണ് കേസിലെ ദുരൂഹത വര്‍ദ്ധിപ്പിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരീകാവയവങ്ങളില്‍ അലുമിനിയം ഫോസ്‌ഫൈഡിന്റെ സാനിധ്യം കണ്ടെത്തി. ഇതോടെ മാതാവ് സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം സൗമ്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുരുന്നു.സൗമ്യയുടെ പിതാവ് വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, മകള്‍ കീര്‍ത്തന(ഒന്നര വയസ്) എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മറ്റുള്ളവര്‍. നാലു പേരും ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സൗമ്യയുമായി ബന്ധപ്പെട്ട യുവാക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മരണം കൊലപാതകം തന്നെയാണെന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം. നാലു പേരെയും നാല് ആശുപത്രികളിലാണ് ചികിത്സിച്ചത്. നാല് ആശുപത്രികളിലേയും ചികിത്സാ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഛര്‍ദ്ദിയും വയറു വേദനയുമായിട്ടാണ് നാലു പേരും ചികിത്സ തേടിയിരുന്നത്.

ഇവര്‍ ആശുപത്രിയില്‍ എത്തി ചികിത്സ തുടങ്ങി പരിശോധനകള്‍ പൂര്‍ത്തിയാക്കി ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ശേഷം പെട്ടെന്ന് മരണപ്പെടുകയാണുണ്ടായിട്ടുള്ളത്. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഐശ്വര്യയുടെ ബന്ധുവായ വണ്ണത്താന്‍ വീട്ടില്‍ പ്രജീഷിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

error: Content is protected !!