പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു.സർക്കാർ ഏറ്റെടുത്തെങ്കിലും പരിയാരം മെഡിക്കൽ കോളജിനു പൂർണതോതിലുള്ള സർക്കാർ മെഡിക്കൽ കോളജ് പദവി ലഭിക്കില്ല.സർക്കാർ നിയന്ത്രണത്തിലുള്ള സൊസൈറ്റിക്കായിരിക്കും മെഡിക്കൽ കോളജിന്റെ ഭരണച്ചുമതലയെന്ന് ഏറ്റെടുക്കൽ പ്രഖ്യാപനം നിർവഹിച്ച മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

കലക്ടർ മിർ മുഹമ്മദലി, ഐഎംഎ മുൻ പ്രസിഡന്റ് ഡോ.വി.ജി.പ്രദീപ് കുമാർ, കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.രവീന്ദ്രൻ എന്നിവരടങ്ങിയ താൽക്കാലിക ബോർഡ് ഓഫ് കൺട്രോളിനു ഭരണച്ചുമതല മന്ത്രി കൈമാറി.സൊസൈറ്റി സംബന്ധിച്ചു നിയമാവലി തയാറാക്കി വരികയാണ്. അതിനു ശേഷം റജിസ്റ്റർ ചെയ്യും.

സൊസൈറ്റിക്കു ചെയർമാനും ആശുപത്രിക്കു ഡയറക്ടറും ഉണ്ടായിരിക്കും. സ്ഥാനമൊഴിയുന്ന ഭരണ സമിതിയിലെയും മുൻ ഭരണസമിതികളിലെയും അംഗങ്ങളുടെ ഭരണപരിചയവും ഉപയോഗപ്പെടുത്തും.പരിയാരം മെഡിക്കൽ കോളജ് സ്വയംഭരണ സ്ഥാപനമായിരിക്കുമെങ്കിലും സർവതന്ത്ര സ്വതന്ത്ര സ്വയംഭരണം ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.

സാധാരണക്കാർക്കു സൗജന്യ ചികിത്സയും വിദ്യാർത്ഥികൾക്കു സർക്കാർ ഫീസിൽ മെഡിസിൻ പഠനവും ലഭ്യമാക്കാൻ പരിയാരം മെഡിക്കൽ കോളജിനെ പൂർണതോതിൽ സർക്കാർ മെഡിക്കൽ കോളജ് ആക്കണമെന്നാണു പരിയാരം പ്രക്ഷോഭ സമിതി ഉൾപ്പെടെ ആവശ്യപ്പെട്ടു വരുന്നത്. സ്ഥാനമൊഴിയുന്ന സിപിഎം ഭരണസമിതിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

1997ൽ അന്നത്തെ എൽഡിഎഫ് സർക്കാർ പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുത്തെങ്കിലും പിന്നീടു വന്ന യുഡിഎഫ് സർക്കാർ നിയന്ത്രണം സൊസൈറ്റിക്കു തിരിച്ചു നൽകി. കഴിഞ്ഞ യുഡിഎഫ് സർക്കാർ കോളജും ആശുപത്രിയും ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. ആസ്തിബാധ്യതകൾ കണക്കാക്കാൻ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. അധിക ജീവനക്കാരും ഹഡ്‌കോയിൽനിന്നുള്ള വായ്പാ തിരിച്ചടവും കോളജ് ഏറ്റെടുക്കുന്നതിനു തടസ്സമായി. 2016ൽ ഇടതുസർക്കാർ വന്നതോടെയാണു കോളജ് ഏറ്റെടുക്കൽ സജീവമായത്.

266.47 കോടി രൂപയാണു ഹഡ്‌കോയ്ക്കു തിരിച്ചടയ്ക്കാൻ ഉണ്ടായിരുന്നത്. ഹഡ്‌കോ വായ്പ വാങ്ങി കേരളത്തിൽ നടപ്പാക്കുന്ന മറ്റു പദ്ധതികളെയും ഇതു ബാധിച്ചിരുന്നു. മന്ത്രിസഭാ തീരുമാനത്തെത്തുടർന്നു ഹഡ്‌കോയുടെ ബാധ്യത പൂർണമായി സർക്കാർ ഏറ്റെടുത്തു. ഗഡുക്കളായി വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. കുടിശികയിൽ ആദ്യഗഡുവായി 50 കോടി നൽകാനും ബാക്കി തവണകളായി തിരിച്ചടയ്ക്കാനുമാണു ധാരണ. ‍2019ൽ തിരിച്ചടവു പൂർത്തിയാകും.1000 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം അവിടെയുണ്ട്. രാജ്യത്തു സഹകരണമേഖലയിലെ ആദ്യ സ്വാശ്രയ മെഡിക്കൽ കോളജ് ആണു പരിയാരം.

error: Content is protected !!