ലിഗയുടെ മരണം:കോവളത്തെ കഞ്ചാവ്, ചീട്ടുകളി സംഘങ്ങള്‍ നിരീക്ഷണത്തില്‍.

വിദേശവനിത ലിഗയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ കോവളത്തെ കഞ്ചാവ്, ചീട്ടുകളി സംഘങ്ങള്‍ നിരീക്ഷണത്തില്‍. മൊഴികളില്‍ വൈരുധ്യം കണ്ടതോടെയാണ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്. മൃതദേഹം കണ്ട കുറ്റിക്കാട്ടിലേക്കു ലിഗ പോകുന്നതു കണ്ടെന്ന ചില മൊഴിയും പൊലീസിനു ലഭിച്ചു. അതേസമയം, നിര്‍ണായകമാകുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിച്ചേക്കും.

കോവളത്തിനു സമീപം തിരുവല്ലത്തെ കുറ്റിക്കാട്ടിലാണു ലിഗയുടേതെന്നു കരുതുന്ന മൃതദേഹം ലഭിച്ചത്. ഡിഎന്‍എ ഫലം ലഭിച്ചില്ലങ്കിലും ഇതു ലിഗയെന്ന് ഉറപ്പിച്ചാണ് അന്വേഷണം. മാര്‍ച്ച് 14നാണ് ലിഗയെ കാണാതായത്. കൊലപാതകമോ ആത്മഹത്യയോ എന്താണങ്കിലും മാര്‍ച്ച് 15, 16 ദിവസങ്ങളില്‍ സംഭവിച്ചിട്ടുണ്ടാകാമെന്നു പൊലീസ് വിലയിരുത്തുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കോവളം, തിരുവല്ലം ഭാഗത്തെ ഒട്ടേറെ നാട്ടുകാരെ ചോദ്യം ചെയ്തു.

ലിഗ ഒറ്റയ്ക്കു കുറ്റിക്കാട്ടിലേക്കു പോകുന്നതു കണ്ടതായി രണ്ടു സ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ മൊഴിയില്‍ പൊരുത്തക്കേടും അവ്യക്തതയുമുണ്ട്. കൂടാതെ മൃതദേഹം കണ്ടെത്തിയ സ്ഥലം ചീട്ടുകളി സംഘങ്ങളുടെയും കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും താവളമാണെന്നും കണ്ടെത്തി. ഇവരില്‍ പലരെയും ചോദ്യം ചെയ്യുമ്പോഴും പരസ്പരവിരുദ്ധമായ മൊഴികളാണു ലഭിക്കുന്നത്. ഇതും സംശയം വര്‍ധിച്ചതോടെയാണ് ഈ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

error: Content is protected !!