പിണറായിയില്‍ നടന്നത് ആസൂത്രിത കൊലപാതകം

പിണറായി പടന്നക്കരയില്‍ നാലുമാസത്തിനിടെ കുടുംബത്തിലെ മൂന്നുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍, കുടുബാംഗങ്ങളെ കൊലപ്പെടുത്താന്‍ സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവര്‍ എന്ന് വെളിപ്പെടുത്തല്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. പിണറായിയിലെ കൂട്ടക്കൊലപാതകങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന.

അതേ സമയം മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മക്ക് കറിയിലുമാണ് വിഷം കലര്‍ത്തി നല്‍കിയത്. തന്റെ സുഖജീവിതത്തിന് തടസ്സമാവുമെന്ന് കണ്ടാണ് മകളെയും അച്ഛനമ്മമാരെയും ഇല്ലാതാക്കിയതെന്നാണ് പ്രതിയുടെ കുറ്റസമ്മതമൊഴി. തലശേരി കോഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൗമ്യയെ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ പൊതുമരാമത്ത് റസ്റ്റ്ഹൗസിലെത്തിച്ചു. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ആദ്യം സഹകരിക്കാതിരുന്ന യുവതി പിടിച്ചുനില്‍ക്കാനാവാതെ ഒടുവില്‍ വിഷംനല്‍കി കൊലപ്പെടുത്തിയ കാര്യം സമ്മതിക്കുകയായിരുന്നു. ഛര്‍ദ്ദിയെ തുടര്‍ന്ന് 17 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഡിസ്ചാര്‍ജായ ഉടന്‍ ചോദ്യംചെയ്യാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മകള്‍ ഐശ്വര്യയുടെ മൃതദേഹം തിങ്കളാഴ്ച വൈകിട്ട് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനു പിന്നാലെയാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്. പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

ഇവരെ ചോദ്യം ചെയ്തുവരികയാണ്. എലിവിഷം വാങ്ങി നൽകിയെന്ന് സമ്മതിച്ചെങ്കിലും കൊലപാതകത്തിൽ പങ്കില്ലെന്ന് ഓട്ടോഡ്രൈവർ പൊലീസിനോട് പറഞ്ഞുവെന്നാണ് വിവരം. വീട്ടിലെ സാധാരണ ഉപയോഗിത്തിനെന്ന് കരുതിയാണ് എലിവിഷം വാങ്ങി നൽകിയതെന്നാണ് ഇയാൾ പറയുന്നത്.

error: Content is protected !!