പണപ്പിരിവു നടത്തിയെന്ന ആരോപണം നിഷേധിച്ച് അശ്വതി ജ്വാല

വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവു നടത്തിയെന്ന ആരോപണം നിഷേധിച്ച് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. പരാതിയെ കൃത്യമായി നേരിടുമെന്നും ഇതുമായി സംബന്ധിച്ച് നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

എന്തൊക്കെ ആരോപണം ഉയര്‍ന്നാലും ലിഗയുടെ ബന്ധുക്കള്‍ക്കൊപ്പം നില്‍ക്കും. ഇവിടെ നിന്ന് പോകുന്നിടം വരെ അവര്‍ക്ക് പിന്തുണ നല്‍കുമെന്നും നിരാംലബര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജ്വാല ഫൗണ്ടേഷനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലിഗയുടെ സഹോദരി ഇല്‍സിയും അശ്വതിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ലിഗയുടെ സഹോദരി എലീസയെ സഹായിക്കാനെന്ന പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അശ്വതി ജ്വാലക്കെതിരെ അന്വേഷണം. വിദേശ വനിത ലിഗ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിൽ ഗുരുതരവീഴ്ചയുണ്ടായെന്ന് ലിഗയുടെ കുടുംബത്തെ സഹായിച്ച അശ്വതി ജ്വാല ആരോപിച്ചിരുന്നു. ലിഗയുടെ സഹോദരിയും സുഹൃത്തുമായി കാണാൻ ചെന്നപ്പോള്‍ ഡിജിപി ആക്രോശിച്ചുവെന്നും മുഖ്യമന്ത്രിയെ കാണാൻ അനുമതി കിട്ടിയില്ലെന്നും അശ്വതിആരോപിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് അശ്വതിക്കെതിരെ കേസെ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങളായി സ്വന്തമായി സ്ഥാപിച്ച ജ്വാല ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ സ്ഥാപനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ആളാണ് അശ്വതി. തെരുവില്‍ ഭക്ഷണമെത്തിക്കുന്നതടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് അശ്വതി.

error: Content is protected !!