തൃശൂര്‍ പൂരം; ജില്ലയിലെ നഴ്‌സുമാരെ സമരത്തില്‍ നിന്നും ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ച് ജില്ലാ പൊലീസ് മേധാവി

തൃശൂര്‍ ജില്ലയെ നഴ്‌സുമാരുടെ സമരത്തില്‍ നിന്നും ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ച് ജില്ലാ പൊലീസ് മേധാവി നഴ്‌സുമാരുടെ സംഘടനയ്ക്ക് കത്ത് അയ്ച്ചു. തൃശൂര്‍ പൂരം നടക്കുന്ന സാഹചര്യത്തിലാണ് വേതന വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തില്‍ നിന്നും ജില്ലയെ ഒഴിവാക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ നഴ്‌സുമാരുടെ സമരം പ്രതിസന്ധി സൃഷ്ടിക്കുമെന്ന ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി നേരിട്ട് നഴ്‌സുമാര്‍ക്ക് കത്ത് എഴുതിയിരിക്കുന്നത്. ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ജില്ലാ പൊലീസ് മോവധിയുടെ അഭ്യര്‍ത്ഥന.

നേരെത്ത നഴ്സിംഗ് സംഘടനകളുമായി ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ചൊവ്വാഴച്ച മുതല്‍ അനിശ്ചിത കാലം സമരം നടത്തുമെന്ന് നഴ്സിംഗ് സംഘടനയായ യുഎന്‍എ അറിയിച്ചിരുന്നു. 457 സ്വകാര്യ ആശുപത്രികള്‍ സ്തംഭിക്കുമെന്ന് യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ അവകാശപ്പെട്ടിട്ടുണ്ട്.

സംസ്ഥാന ലേബര്‍ കമ്മീഷണര്‍ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരത്തിനിറങ്ങാന്‍ സംഘടന തീരുമാനിച്ചത്.

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കുക, സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച 20,000 രൂപ അടിസ്ഥാന ശമ്പളം നടപ്പിലാക്കുക, നേരത്തെ സമരം നടത്തിയതിന്റെ പേരില്‍ സ്വകാര്യആശുപത്രി മാനേജ്‌മെന്റുകള്‍ നടത്തുന്ന പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

error: Content is protected !!