കേരളത്തിന് നന്ദി പറഞ്ഞും പോലീസിനെ കുറ്റപ്പെടുത്തിയും ലിഗയുടെ കുടുംബം

ലാത്വിയന്‍ വനിത ലിഗയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആവര്‍ത്തിച്ച് സഹോദരിയും ഭര്‍ത്താവും. ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചു. ലിഗയെ കാണാതായ അന്നുതന്നെ കൃത്യമായ രീതിയില്‍ അന്വേഷണം നടന്നിരുന്നെങ്കില്‍ കണ്ടെത്താന്‍ സാധിക്കുമായിരുന്നു. ലിഗയെ കാണാതായി പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് ഗൗരവമായി കണ്ട് അന്വേഷണം തുടങ്ങിയതെന്നും മരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ചിരിക്കുന്ന സംശയങ്ങള്‍ ദുരീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ലിഗയുടെ സഹോദരി എലിസ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലിഗ വിഷക്കായ കഴിച്ചെന്ന നിഗമനം തള്ളിക്കളഞ്ഞ ഇല്ലിസി സഹോദരിയുടെ തിരോധനം അന്വേഷിക്കുന്നതില്‍ ഗുരുതരമായ പാളിച്ചയാണ് പോലീസില്‍ നിന്നുണ്ടായതെന്നും ആരോപിച്ചു. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. സഹോദരിയെ കാണാതായി പത്ത് ദിവസം കഴിഞ്ഞ ശേഷമാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത് തന്നെ കുറച്ചു നേരത്തെ ഇക്കാര്യം ചെയ്തിരുന്നുവെങ്കില്‍ ഒരു പക്ഷേ എന്‍റെ സഹോദരിയെ ജീവനോടെ കണ്ടെത്താന്‍ സാധിക്കുമായിരുന്നു. ഇല്ലീസ് പറയുന്നു.

പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ടെന്ന് ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രു പറഞ്ഞു. ലിഗയുടെ മരണത്തിന്‍റെ പേരില്‍ കേരളത്തെ ആരും കുറ്റപ്പെടുത്തേണ്ടതില്ല. ലോകത്തെവിടെയും ഇതു സംഭവിക്കാം. ലിഗയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് വലിയ സഹായവും പിന്തുണയുമാണ് ജനങ്ങളില്‍ നിന്നുണ്ടായത്. ലോകത്തെവിടെ നിന്നും ഇത്രയും സ്നേഹവും നന്മയും പ്രതീക്ഷിക്കാനാവില്ല. ലിഗ അവസാനമണിക്കൂറുകള്‍ ചിലവിട്ട തിരുവല്ലം മേഖലയിലെ ജനങ്ങള്‍ക്ക് മരണം സംബന്ധിച്ച എന്തെങ്കിലും തെളിവുകളോ വിവരങ്ങളോ ലഭിക്കുകയാണെങ്കില്‍ പോലീസിന് കൈമാറണമെന്നും ആന്‍ഡ്രു അഭ്യര്‍ത്ഥിച്ചു.

error: Content is protected !!