കരുണയില്‍ ഒളിച്ച് കളിച്ച് സര്‍ക്കാര്‍; ബിൽ ഗവര്‍ണര്‍ക്ക് കൈമാറിയത് ഇന്ന്

കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ വിവാദ ബില്ലില്‍ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നു. ഇന്നലെ ഗവര്‍ണര്‍ക്ക് ബില്ല് കൈമാറിയെന്ന് വിശദീകരിച്ച സര്‍ക്കാര്‍ ഇന്നു രാവിലെ 11.30നാണ് ബില്ല് രാജ്ഭവനില്‍ എത്തിച്ചത്. നിയമ സക്രട്ടറി രാജ്ഭവനിലെത്തിയാണ് ബില്ല് കൈമാറിയത്. തുടര്‍ന്ന് നിയമ സെക്രട്ടറിയും ഗവര്‍ണറും തമ്മില്‍ 20 മിനിട്ടോളം കൂടിക്കാഴ്ച നടത്തി. ഇന്നലെ കൈമാറിയെന്നായിരുന്നു നേരത്തെയുള്ള സർക്കാർ വിശദീകരണം.

നിയമസഭ പാസാക്കിയ ബിൽ ഇന്നലെ രാത്രിയോടെ ഗവർണർക്ക് അയച്ചുവെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിവരം. ഇതിന്‍റെ ചുവടുപിടിച്ച് ബില്ലിൽ ഒപ്പിടരുത് എന്നാവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഇന്ന് ഗവർണറെ കാണാനും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബില്ല് കൈമാറിയത് ഇന്നാണെന്നുള്ള നിയമസെക്രട്ടറി വ്യക്തമാക്കിയത്.

അതേസമയം ബില്ലുമായി മുന്നോട്ട് പോകുന്നതില്‍ സിപിഎമ്മിലും ഭിന്നതയുണ്ട്. കുട്ടികളുടെ ഭാവിയെ ചൊല്ലിയാണ് ബില്ലുമായി മുന്നോട്ടു പോകുന്നതെന്ന് വാദിക്കുമ്പോഴും, മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസുകൂടിയായ ഗവര്‍ണര്‍ ബില്ല് തിരിച്ചയച്ചാല്‍ സര്‍ക്കാറിന് അത് ധാര്‍മിക തിരിച്ചടിയാകും. ബില്ല് പാസായാലും ഇക്കാര്യത്തില്‍ സുപ്രിംകോടതി ഇടപെട്ടാല്‍ അതും സര്‍ക്കാറിന് തിരിച്ചടിയാകും. ബില്ലിന്‍റെ കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകും.

error: Content is protected !!