കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ തരം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ

അടുത്ത മാസം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴിടത്തു പരീക്ഷണാടിസ്ഥാനത്തിൽ പുതിയ തരം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ(ഇവിഎം) ഉപയോഗിക്കും. മൂന്നാം തലമുറ വോട്ടിങ് യന്ത്രങ്ങൾ എന്നറിയപ്പെടുന്ന ‘എം–3’ മോഡലാണ് കർണാടകയിലെ ഏഴു മണ്ഡലങ്ങളിൽ പരീക്ഷിക്കുക.വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണം ശക്തമായതോടെയാണ് പുതിയ ‘പരീക്ഷണം’ നടപ്പാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ തയാറെടുക്കുന്നത്. ഇതു വിജയിച്ചാൽ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുഴുവനും എം–3 യന്ത്രങ്ങൾ ഉപയോഗിക്കും.

ബെംഗളൂരു സെൻട്രലിലെ രാജരാജേശ്വരി നഗർ, ശിവാജി നഗർ, ശാന്തി നഗർ, ഗാന്ധി നഗർ, രാജാജി നഗർ, ചാമരാജ്പേട്ട്, ചിക്ക്പേട്ട് മണ്ഡലങ്ങളിലായിരിക്കും മേയ് 12ലെ വോട്ടെടുപ്പിനു പുതിയ യന്ത്രങ്ങൾ പരീക്ഷിക്കുക. വോട്ടിങ് യന്ത്രത്തിന്റെ ഭാഗമായ 2710 ബാലറ്റിങ് യൂണിറ്റും 2260 കൺട്രോൾ യൂണിറ്റുകളും ഒപ്പം 2350 വിവിപാറ്റ് (വോട്ടുരസീത്) യന്ത്രങ്ങളുമാണ് തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുക. ബെംഗളൂരുവിലേക്ക് യന്ത്രങ്ങളെല്ലാം എത്തിച്ച് ആദ്യഘട്ട പരീക്ഷണം പൂർത്തിയാക്കിക്കഴിഞ്ഞു. രാജ്യത്തിന്റെ ഐടി ഹബ് എന്നറിയപ്പെടുന്നതിനാലും പുതിയ യന്ത്രങ്ങൾ നിർമിച്ച സ്ഥലമെന്ന പരിഗണനയിലുമാണു ബെംഗളൂരുവിൽത്തന്നെ എം–3 പരീക്ഷിക്കാൻ തീരുമാനിച്ചത്.

പൊതുമേഖലാ സ്ഥാപനങ്ങളായ ബെംഗളൂരുവിലെ ഭാരത് ഇക്ട്രോണിക്സ് ലിമിറ്റഡും(ഭെൽ) ഹൈദരാബാദിൽ നിന്നുള്ള ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യയുമാണ് യന്ത്രങ്ങൾ നിർമിച്ചത്. അതിനാൽത്തന്നെ വോട്ടെടുപ്പിനിടെ എന്തെങ്കിലും കുഴപ്പങ്ങളുണ്ടെങ്കിൽ തിരിച്ചറിഞ്ഞു പരിഹരിക്കാനും എളുപ്പം സാധിക്കും. നിലവിലെ വോട്ടിങ് യന്ത്രങ്ങളേക്കാൾ കനംകുറഞ്ഞതും നീളമേറിയതുമാണ് എം–3. മറ്റു ഫീച്ചറുകളിലേറെയും പഴയ വോട്ടിങ് യന്ത്രത്തിനു സമാനമാണെങ്കിലും എം–3യെ വേറിട്ടു നിർത്തുന്നനിരവധി ഘടകങ്ങള്‍ ഉണ്ട്.

error: Content is protected !!