ഇറാഖിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാൻ തയാറാകാതെ ബന്ധുക്കൾ.

ഇറാഖിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായില്ല. ബിഹാറിലെത്തിച്ച അഞ്ചു മൃതദേഹങ്ങളിൽ രണ്ടു പേരുടേതാണു ബന്ധുക്കൾ ഏറ്റുവാങ്ങാതിരുന്നത്. സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കു എക്സ്ഗ്രേഷ്യാ തുകയായി പത്തു ലക്ഷം രൂപ നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

അദാലത് സിങ്, സുനിൽകുമാർ എന്നിവരുൾപ്പെടെ 39 പേരാണ് ഇറാഖിൽ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ കൊലക്കത്തിക്കിരയായത്.കൊല്ലപ്പെട്ട ബിഹാർ സ്വദേശികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ചയാണു കേന്ദ്രമന്ത്രി വി.കെ.സിങ് മുഖ്യമന്ത്രി നിതീഷ് കുമാറിനു കൈമാറിയത്. വിദ്യാഭൂഷൻ തിവാരി, സന്തോഷ് സിങ് എന്നിവരുടെ കുടുംബങ്ങളും മൃതദേഹങ്ങൾ വാങ്ങാൻ എത്തിയില്ല. ഇവർ ഉന്നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവർക്ക് അര്‍ഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടു പഞ്ചാബിൽ‌ നിന്നുള്ള കോൺഗ്രസ് എംപിമാർ പാർലമെന്റിനു പുറത്തു പ്രതിഷേധിച്ചു.

ഇറാഖിലെ മൊസൂളിൽ 2014ൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ 40 ഇന്ത്യൻ ജോലിക്കാരിൽ 39 പേരെയും വധിച്ചു കുഴിയിൽ മൂടുകയായിരുന്നു. ബന്ദികളിൽ ഒരാൾ ബംഗ്ലദേശി ആയി നടിച്ചു രക്ഷപ്പെട്ടു നാട്ടിൽ തിരിച്ചെത്തി. ഇയാളിൽനിന്നു ലഭിച്ച വിവരമനുസരിച്ചു നടത്തിയ അന്വേഷണത്തിൽ മൊസൂളിലെ ഒരു ഗ്രാമത്തിൽ കൂട്ടക്കുഴിമാടം കണ്ടെത്തുകയായിരുന്നു. മൃതദേഹാവശിഷ്ടം പുറത്തെടുത്തു ഡിഎൻഎ പരീക്ഷണം നടത്തി സ്ഥിരീകരിച്ച ശേഷമാണു സർക്കാർ മരണവിവരം പുറത്തുവിട്ടത്.

error: Content is protected !!