നഴ്സുമാരുടെ മിനിമം വേതനം:സർക്കാരിന് അന്തിമ വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. വിജ്ഞാപനം തടയണമെന്ന മാനേജുമെന്‍റുകളുടെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി. സർക്കാർ വിജ്ഞാപനം ഇറക്കുന്നതിൽ സംശയമോ പ്രശ്നമോ ഉണ്ടെങ്കിൽ മാത്രം മാനേജുമെന്‍റുകൾക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നേരത്തേ നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇറക്കുന്നതു തടഞ്ഞിരുന്ന ഹൈക്കോടതി അനുരഞ്ജനത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ ഇതിനു ശേഷം ഒരു സമവായവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് അന്തിമ വിജ്ഞാപനം ഇറക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.
സർക്കാർ നിശ്ചയിച്ച മിനിമം വേതനം നൽകാനാവില്ലെന്നാണ് മാനേജുമെന്‍റുകളുടെ നിലപാട്. അതേസമയം, ഹൈക്കോടതി തീരുമാനത്തിലൂടെ വളരെ നാളത്തെ നഴ്സുമാരുടെ സ്വപ്നമാണ് പൂവണിയാൻ പോകുന്നതെന്ന് നേഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതാവ് ജാസ്മിൻ ഷാ പറഞ്ഞു.