ജിസാറ്റ് -6 എയുമായുള്ള ബന്ധം നഷ്ടപ്പെട്ടന്ന് ഐഎസ്ആർഒ: ശാസ്ത്ര ലോകം ആശങ്കയിൽ

കഴിഞ്ഞ ദിവസം വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് -6 എയുമായുള്ള ബന്ധം നഷ്ടപ്പെട്ടന്ന് ഐഎസ്ആർഒ. വ്യാഴാഴ്ചയാണ് മൊബൈൽ വാർത്താവിനിമയ രംഗത്തിന് ശക്തിപകരാൻ ഇന്ത്യയുടെ പുതിയ വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.56ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽനിന്ന് വിക്ഷേപിച്ച ജിസാറ്റ്-6 എയെ സംബന്ധിച്ചുള്ള അവസാന സന്ദേശം ലഭിച്ചത് വെള്ളിയാഴ്ചയായിരുന്നു. ഇതിനു ശേഷം ജിസാറ്റ്-6 എയെ സംബന്ധിച്ചുള്ള വിവരങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നുമില്ല.

രണ്ടാം ഭ്രമണപഥത്തിലെത്തുന്നതുവരെ ഉദ്യമം വിജയകരമായിരുന്നുവെന്നും ഇതിനു ശേഷമാണ് ഉപഗ്രഹവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതെന്നുമാണ് സൂചന. ജിഎസ്എൽവി എഫ് 08 എന്ന റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഈ റോക്കറ്റിൽ വിക്ഷേപിച്ച പന്ത്രണ്ടാമത്തെ ഉപഗ്രഹമാണ് ഇത്.

ഭാവിയിലെ വാർത്താവിനിമയ സാങ്കേതികവിദ്യാ വികസനത്തിന് നിർണായകമാകുന്നതാണ് ജിസാറ്റ് 6 എ എന്നാണ് കരുതപ്പെട്ടിരുന്നത്. 10 വർഷം ആയുസ് പറഞ്ഞിരിക്കുന്ന ഉപഗ്രഹത്തിന്‍റെ ഭാരം 415.6 ടണ്‍ ആണ്. അതേസമയം വിക്ഷേപണം പരാജമാണോ അല്ലയോ എന്ന് ഐഎസ്ആർഒ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

2017 ഓഗസ്റ്റ് ഒന്നിനാണ് ഇതിനു മുൻപ് ഐഎസ്ആർഒയുടെ ഉപഗ്രഹം വിക്ഷേപണം പരാജയപ്പെട്ടത്. ഐആർഎൻഎസ്എസ്-1എച്ച്നെ ഭ്രമണപഥത്തിലെത്തിക്കാൻ അന്ന് പിഎസ്എൽവി റോക്കറ്റിന് സാധിച്ചിരുന്നില്ല.

error: Content is protected !!