സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ച: മൂന്ന് പേർ കൂടി പിടിയിൽ

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കൂടി അറസ്റ്റില്‍. രണ്ട് അധ്യാപകരും ഒരു കോച്ചിംഗ് സെന്‍റർ നടത്തിപ്പുകാരനുമാണ് ‌അറസ്റ്റിലായത്. ഡല്‍ഹിയിലെ ഭവാനയിലുള്ള മദര്‍ ഖസാനി കോണ്‍വെൻന്‍റ് സ്‌കൂളിലെ റിഷബ്, രോഹിത് എന്നീ അധ്യാപകരാണ് അറസ്റ്റിലായത്. ഈ സ്‌കൂളിലെ പ്രിന്‍സിപ്പാളിനെയും ഇവരുള്‍പ്പെടെയുള്ള അധ്യാപകരെയും കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും അറസ്റ്റ്.

പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പറാണ് ഇവര്‍ ചോര്‍ത്തിയതെന്നാണ് പോലീസ് ഭാഷ്യം. 9.45 നായിരുന്നു ചോദ്യപേപ്പര്‍ വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ 9.20നു ഇവര്‍ ചോദ്യപേപ്പര്‍ കവര്‍ പൊട്ടിക്കുകയും കോച്ചിംഗ് സെന്‍റർ നടത്തിപ്പുകാരന് ചോദ്യപേപ്പര്‍ നല്‍കുകയും ചെയ്തു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 15 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന‍.

error: Content is protected !!