സക്കര്‍ബര്‍ഗിനും രക്ഷയില്ല; തന്‍റെ വ്യക്തിവിവരങ്ങളും ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവാദം കത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്റെ സ്വകാര്യവിവരങ്ങളും കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ്. അമേരിക്കയിലെ പാര്‍ലമെന്റ് സമിതിക്ക് മുമ്പാകെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയ 87 മില്യണ്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ പട്ടികയില്‍ താനും ഉള്‍പ്പെടുന്നുണ്ടെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

യുഎസ് ഹൗസ് എനര്‍ജി ആന്‍ഡ് കൊമഴ്‌സ് കമ്മിറ്റി കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ വിശദീകരണം നല്‍കുവാനായി സക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടിരുന്നു. കമ്മിറ്റി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നില്ലെന്ന അംഗത്തിന്റെ വാദത്തെ സക്കര്‍ബര്‍ഗ് എതിര്‍ത്തു.

ഫെയ്‌സ്ബുക്കില്‍ ആര് എന്ത് പങ്കുവയ്ക്കുവാന്‍ വന്നാലും അപ്പോള്‍ തന്നെ നിയന്ത്രിക്കാനുള്ള സംവിധാനം ഈ ആപ്പില്‍ ഉണ്ട്- സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് സക്കര്‍ബര്‍ഗ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുന്നത്. ഇതില്‍ ചൊവ്വാഴ്ച അഞ്ച് മണിക്കൂര്‍ നേരമാണ് ചോദ്യം ചെയ്യല്‍ നടന്നത്.

error: Content is protected !!