ഇന്ധന വിലവര്‍ധന പിടിച്ചു നിര്‍ത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ ഇന്ധന വിലവര്‍ധന ഉയരുന്ന സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ക്കു മൂക്കുകയറിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യവ്യാപകമായി ബിജെപിയെയും എന്‍ഡിഎ സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി ഇന്ധനവില വര്‍ദ്ദിക്കുമ്പോള്‍ ഇതു പിടിച്ചു നിര്‍ത്തി മാനം രക്ഷിക്കാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍. അടിക്കടി വില വര്‍ധിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന്റെ ചുവടുപിടിച്ചാണു വിലവര്‍ധിപ്പിക്കുന്നതു തല്‍ക്കാലത്തേക്കു നിര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ബ്ലൂംബെര്‍ഗ് ഡോട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങി രാജ്യത്തെ വന്‍കിട പെട്രോളിയം ഡീലര്‍മാര്‍ക്കെല്ലാം കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യന്തരതലത്തില്‍ പെട്രോളിന് 80 രൂപയായും ഡീസലിന് അതിനോടടുത്തുമെത്തിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം.

മുംബൈ,ഡല്‍ഹി, തുടങ്ങിയ നഗരങ്ങളില്‍ പെട്രോള്‍ നിരക്കില്‍ അതിശയിക്കുന്ന വര്‍ദ്ധനവാണ് ഉയര്‍ന്നിരുന്നത്. ഈ സാഹചര്യത്തിലാണ് വിലക്കയറ്റത്തിന് പരിഹാരം കാണാന്‍ കേന്ദ്രത്തിന്റെ പുതിയ നീക്കം. കര്‍ണാടകയുള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത് വരാനിരിക്കെ ജനങ്ങളുടെ സ്വീകര്യത നേടിയെടുക്കാനുള്ള സര്‍ക്കാരിന്റെ ചുവടുവെപ്പ് തുടങ്ങിക്കഴിഞ്ഞു.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോളിനും ഡീസലിനും ഏറ്റവും വിലയുള്ള രാജ്യം കൂടിയാണ് ഇന്ത്യ. ഇന്ത്യയിലെ ഇന്ധനവിലയില്‍ പകുതിയിലേറെയും നികുതിയുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. എണ്ണവില കമ്പനികള്‍ക്ക് സ്വയം തീരുമാനിക്കാമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ട് വെച്ചതോടെ രാജ്യത്തെ പെ്‌ട്രോളിയം കമ്പനികള്‍ ഇന്ധനവിലയില്‍ വര്‍ദ്ധനവ് കൊണ്ടുവരികയായിരുന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കഴിഞ്ഞദിവസം പെട്രോള്‍വിലയില്‍ 30 പൈസ കൂടുതല്‍ ഏര്‍പ്പെടുത്തിയതായി അറിയിച്ചിരുന്നു.ഇതിനു പിന്നാലെ രാജ്യത്തെ മറ്റ് ഡീലര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. ജിഎസ്ടി സംവിധാനത്തിനു കീഴില്‍ പെട്രോളും ഡീസലും ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.2014ല്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 108 ഡോളറായിരുന്നു. എന്നാല്‍, ഈ വര്‍ഷം ഏപ്രില്‍ ആയപ്പോഴേക്കും ഇത് 77 യുഎസ് ഡോളറായി താഴ്ന്നു.

error: Content is protected !!