സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസെടുക്കുന്നത് വൈകും

വിവാദമായ സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അടക്കമുള്ളവർക്കെതിരെ കേസ് എടുക്കുന്നത് വൈകും. എജിയുടെ നിയമോപദേശം തിങ്കഴാഴ്ചയ്ക്ക് ശേഷം മാത്രമെ ഉണ്ടാവുകയുള്ളൂ. പൊലീസ് നടപടിയെ ചോദ്യം ചെയ്ത് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാർ.

സഭാ ഭൂമി ഇടപാടിൽ വിസ്വാസ വ‌‌ഞ്ചനയും ഗൂഢാലോചനയും നടന്നെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതി കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞേചരി അടക്കം നാല് പേർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. എറണാകുളം സെൻട്രൽ പോലീസിനായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.

കർദിനാളിന് പുറമെ ഫാദർ ജോഷി പുതുവ, ഫാദർ സെബാസ്റ്റ്യൻ വടക്കുമ്പാടൻ, സാജു വർഗീസ് എന്നിവരെയും പ്രതി ചേർക്കാനായിരുന്നു ഉത്തരവ്. കഴിഞ്ഞചൊവ്വാഴ്ച പുറത്തുവന്ന ഉത്തരവിന്‍റെ പകർപ്പ് പോലീസിന് കിട്ടിയിട്ട് രണ്ട് ദിവസമായി. എന്നാൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കേസെടുക്കുന്ന കാര്യത്തിൽ പൊലീസിനുള്ള ആശയക്കുഴപ്പമാണ് എജിയുടെ നിയമോപദേശം തേടുന്നതിലേക്കെത്തിച്ചത്.

അങ്കമാലി സ്വദേശി മാര്‍ട്ടിനായിരുന്നു ആദ്യ പരാതിക്കാരൻ. ഈ പരാതിയിൽ പോലീസ് കേസ് എടുക്കാതെ വന്നതോടെയാണ് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് ഹൈക്കോടതിയിലെത്തിയതും അനുകൂല ഉത്തരവ് നേടിയതും. ഇതിൽ ആരുടെ പരാതിയിൽ കേസെടുക്കണം, കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കേസ് എടുക്കണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് എജിയെ സമീപിച്ചത്.

ഉത്തരവ് പഠിച്ചശേഷം നിയമോപദേശം എന്നാണ് എജിയുടെ നിലപാട്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആകും എജി പൊലീസിന് നിയമോപദേശം കൈമാറുക. എന്നാല്‍ ഉത്തരവ് ഉണ്ടായിട്ടും കേസെടുക്കാന്‍ വൈകുന്നത് കര്‍ദ്ദിനാളിനെ സഹായിക്കാനെന്ന് പരാതിക്കാര്‍ക്ക് ആക്ഷേപമുണ്ട്. പൊലീസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ഇവര്‍ ആലോചിക്കുന്നത്.

error: Content is protected !!