ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കുന്നതിന് സ്‌റ്റേ

സിറോ മലബാര്‍ സഭയിലെ കോടികളുടെ ഭൂമി അഴിമതിയില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ് സ്‌റ്റേ ചെയ്തത്. നേരത്തെ കര്‍ദിനാളിനെതിടെ കേസെടുക്കുന്നതില്‍ താമസം വരുത്തിയതിന് ഡി.ജി.പി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയതിലും കോടതി അതൃപ്തി അറിയിച്ചു. കോടതി വിധിയുണ്ടായിട്ടും എ.ജി യുടെ ഉപദേശം തേടിയതെന്തിനെന്ന് ഡി.ജി.പി വ്യക്തമാക്കണം. കേസെടുക്കാന്‍ ആരുടെ നിര്‍ദേശ പ്രകാരമാണ് ആറു ദിവസം വൈകിയത് എന്ന് ചോദിച്ചു.

പൊലീസിനും കോടതിക്കും ഒരേദിവസം തന്നെയാണു ചേർത്തല സ്വദേശി ഷൈൻ വർഗീസ് കേസ് നൽകിയതെന്നും ഇതു നിയമസംവിധാനത്തിന്റെ ദുരുപയോഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ എന്തെങ്കിലും നടപടികളെടുക്കാൻ പൊലീസിനു സമയം ലഭിക്കുന്നതിനു മുൻപുതന്നെ കോടതിയുടെ ഇടപെടലുണ്ടായെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കർദിനാളും മറ്റും നൽകിയ അപ്പീലിലാണു നടപടി. ഏപ്രിൽ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.

മേജർ ആർ‌ച്ച് ബിഷപ് മാര്‍ ആലഞ്ചേരി, വൈദികരായ സെബാസ്റ്റ്യന്‍ വടക്കുമ്പാടൻ, ജോഷി പുതുവ, ഭൂമിക്കച്ചവടത്തിലെ ഇടനിലക്കാരൻ സാജു വർഗീസ് എന്നിവര്‍ക്കെതിരെ കേസെടുക്കാനാണു സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി എന്നീ ഗുരുതര കുറ്റങ്ങള്‍ വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വേണ്ടത്ര വിവരങ്ങള്‍ ലഭിച്ചിട്ടും കേസെടുക്കാതിരുന്ന പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

വീഴ്ച ഉണ്ടായാലും മെത്രാനെതിരെ നടപടിയെടുക്കാൻ പോപ്പിനു മാത്രമാണ് അധികാരമെന്ന വാദവും കോടതി തള്ളിക്കളഞ്ഞിരുന്നു. മെത്രാൻ രാജ്യത്തെ നിയമങ്ങൾക്കു വിധേയനാണ്. കൂടാതെ സഭയുടെ സ്വത്തുക്കൾക്കുമേൽ മെത്രാനു പരമാധികാരം ഉണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല. മെത്രാനും വൈദികരും സഭാസ്വത്തുക്കളുടെ കൈകാര്യക്കാർ മാത്രമാണെന്നു ജസ്റ്റിസ് കമാൽ പാഷ ചൂണ്ടിക്കാട്ടി. രേഖകളിലും പരാതിയിലും പര്യാപ്തമായ വിവരങ്ങള്‍ ഉണ്ടായിട്ടും ഇതുവരെ കേസെടുക്കാതിരുന്ന പൊലീസിന്റെ നിലപാടു സുപ്രീംകോടതി വിധികളുടെ ലംഘനമാണ്. അതു കോടതിയലക്ഷ്യത്തിന്റെ പരിധിയോളം വരുമെന്നും ഹൈക്കോടതി ഓർമിപ്പിച്ചു.

error: Content is protected !!