കേരളത്തിൽ താമര വിരിയുന്ന കാലം വിദൂരമല്ലെന്ന് യോഗി ആദിത്യ നാഥ്

കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുന്ന നാളുകള്‍ അകലെയല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ മുഴുവന്‍ ബിജെപി അധികാരത്തിലെത്തുമെന്ന യോഗിയുടെ അവകാശ വാദം. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ താമസിയാതെ ബിജെപി അധികാരത്തിലെത്തുമെന്നും യോഗി അവകാശപ്പെട്ടു. തിരഞ്ഞെടുപ്പു വിജയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ലക്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു യോഗിയുടെ പരാമര്‍ശം.

ത്രിപുര ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനത്തിലൂന്നിയ പ്രവര്‍ത്തനങ്ങളുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ശക്തമായ നേതൃത്വത്തിന്റയും ഫലമാണെന്നും യോഗി അവകാശപ്പെട്ടു. മോദി – അമിത് ഷാ കൂട്ടുകെട്ടിനു കീഴില്‍ കേരളം, കര്‍ണാടക, ബംഗാള്‍, ഒഡിഷ എന്നിവിടങ്ങളിലും സമീപഭാവിയില്‍ത്തന്നെ താമര വിരിയുമെന്ന് യോഗി അവകാശപ്പെട്ടു. അങ്ങനെ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ബിജെപി അധികാരത്തിലിരിക്കുന്ന കാലവും വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിക്കാനും യോഗി മറന്നില്ല. രാഹുല്‍ അധ്യക്ഷനായ ശേഷം ഇത് അഞ്ചാമത്തെ പരാജയമാണെന്ന് ചുണ്ടിക്കാട്ടിയ യോഗി ഈ റെക്കോര്‍ഡിനു ഭാവിയില്‍ വേഗം കൂടുമെന്ന് പരിഹസിച്ചു. ജനങ്ങള്‍ ‘സ്വപ്‌നംകണ്ട നല്ല നാളേക്ക്’ ബിജെപി വിജയം വഴി തുറക്കുമെന്നും യോഗി അവകാശപ്പെട്ടു.

error: Content is protected !!