മാണിയില്‍ കുടുങ്ങി എല്‍ ഡി എഫ് :ഭിന്നത രൂക്ഷം

കെഎം മാണി വിഷയത്തില്‍ ഇടതുപക്ഷത്തില്‍ ഭിന്നത രൂക്ഷമാവുകയാണ്.മാണിയെ ഉള്‍പ്പെടുത്താന്‍ ആവില്ല എന്ന മുന്‍ നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുകയാണ്.അതേ സമയം മാണിയോടുള്ള മൃദു സമീപനം സിപിഎം തുടരുകയാണ്.വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണനും, പന്ന്യന്‍ രവീന്ദ്രനും പ്രസക്തമായ നിലപാടുകള്‍ വ്യക്തമാക്കി.

മാണിയെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് എല്ലാ കക്ഷികളുമായും ആലോചിച്ച് മാത്രമേ തീരുമാനിക്കുവെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ മുന്നണി തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. മാണി നേരത്തെ ഇടതുപക്ഷത്തിനൊപ്പം ഉണ്ടായിരുന്നുവെന്നും അവരാണ് ഇക്കാര്യത്തില്‍ തീരുമാനം പറയേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബാര്‍ കോഴ കേസില്‍ വിജിലന്‍സ് നിലപാടെടുത്തത്. കേസില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് അന്വേഷിച്ച് തെളിവുകള്‍ സമര്‍പ്പിക്കേണ്ടത് വിജിലന്‍സാണ്. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് അവരാണെന്നും സര്‍ക്കാര്‍ ഇതില്‍ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെ.എം.മാണിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. മുന്നണി വിപുലീകരണത്തില്‍ സിപിഐക്ക് എതിര്‍പ്പില്ല. മാണിയുടെ കാര്യത്തില്‍ സിപിഐ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ഇപ്പോഴും അതേ നിലപാട് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.മുന്നണിയില്‍ ആരെയെങ്കിലും ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ല. മുന്നണി വിപൂലീകരണത്തിന് മുന്പ് നിരവധി ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. അതില്‍ പ്രധാനം സിപിഎമ്മും സിപിഐയും തമ്മിലുള്ള ചര്‍ച്ചയാണ്. മാണിയെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്ന വാശി സിപിഐഎമ്മിന് ഉള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷ സംസ്‌കാരവുമായി ചേര്‍ന്നു നില്‍ക്കുന്ന പാര്‍ട്ടികളെ ഉള്‍പ്പെടുത്തുന്ന ചര്‍ച്ചകള്‍ ഉണ്ടായാല്‍ ക്രിയാത്മകമായ സമീപനം ഉണ്ടാകുമെന്ന് പറഞ്ഞ പന്ന്യന്‍ മാണിയുടെ കാര്യത്തില്‍ അനുകൂല തീരുമാനം സിപിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി.

error: Content is protected !!