ഷവോമിയെ തെറി വിളിച്ച് ഉപഭോക്താക്കള്‍

മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ചെലുത്തുന്ന മുന്നേറ്റം ചെറുതൊന്നുമല്ല. മുന്‍ നിരയില്‍ നിന്ന സാംസങ്ങിനെ പോലും പിന്തള്ളി മുന്നോട്ട് വരണമെങ്കില്‍ ഷവോമിയുടെ ജനപ്രിയത പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ചൂടപ്പം പോലെയാണ് ഷവോമി മോഡലുകള്‍ വിറ്റു പോകുന്നത്. ഇന്നലെ നടന്ന റെഡ്മി നോട്ട് 5, നോട്ട് 5 പ്രോയുടെ ഫ്ലാഷ് സെയിലില്‍ ഫോണുകള്‍ വിറ്റുപോയത് എട്ടു സെക്കന്റിനുള്ളിലാണ്. അതും മൂന്നു ലക്ഷം ഫോണുകള്‍.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ ഹാന്‍ഡ്‌സെറ്റുകള്‍ ഓണ്‍ലൈനിലും ഓഫ്ലൈനിലും വില്‍പ്പനയ്ക്ക് വെച്ചത്. ഈ മോഡലുകളുടെ മൂന്നാം ഫ്ലാഷ് സെയിലായിരുന്നു ഇന്നലത്തേത്. ഫ്‌ളിപ്കാ ര്‍ട്ട്, എംഐ ഡോട്ട് കോം, എംഐ ഹോം ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴിയാണ് ഫ്‌ലാഷ് സെയില്‍ നടന്നത്.

ചൂടന്‍ വില്‍പ്പന കമ്പനിയെ സന്തോഷിപ്പിച്ചെങ്കിലും ഉപഭോക്താക്കള്‍ അത്ര ഹാപ്പിയല്ല. നിശ്ചിത സമയത്തിനുള്ളില്‍ ഫോണ്‍ സ്വന്തമാക്കാന്‍ കഴിയാത്തവര്‍ അതിന്റെ കലിപ്പ് പുറത്തു കാണിക്കുന്നതില്‍ മടികാണിച്ചില്ല. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഷവോമിക്കെതിരെ ചീത്തവിളി തുടങ്ങി രംഗം പിടിച്ചിരിക്കുകയാണ് ഉപഭോക്താക്കള്‍. വില്‍പന തുടങ്ങി സെക്കന്റുകള്‍ക്കുള്ളില്‍ ഹാന്‍ഡ്‌സെറ്റ് സ്വന്തമാക്കണമെങ്കില്‍ മികച്ച ഇന്റര്‍നെറ്റും ഡിവൈസുകളും വേണ്ടതുണ്ട്. ഷവോമി വീണ്ടും ചതിച്ചു, ഷവോമി വെറുതെ ഷോ കാണിക്കുകയാണ്, വാങ്ങാനെത്തിയവരെ വീണ്ടും വിഡ്ഢികളാക്കി തുടങ്ങി ആരോപണങ്ങള്‍ ഉപഭോക്താക്കള്‍ ഷവോമിക്കെതിരെ തൊടുത്തു.

error: Content is protected !!