വി.എച്ച്.എസ്.ഇ ഫിസിക്സ് ചോദ്യപേപ്പർ ചോർന്നു: അന്വേഷണം തുടങ്ങി

വൊക്കേഷണൽ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ ഫിസിക്‌സ് ചോദ്യക്കടലാസ് വാട്‌സാപ് വഴി പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ സൈബര്‍ ക്രൈം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.ബുധനാഴ്ച നടന്ന ഹയര്‍സെക്കന്‍ഡറി ഫിസിക്‌സ് പരീക്ഷയെക്കുറിച്ചാണ് പരാതി ഉയര്‍ന്നത്. ഈ പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തി വാട്‌സാപ്പ് വഴി ചിലര്‍ പ്രചരിപ്പിച്ചതായാണ് പരാതി. ചോദ്യം ചോര്‍ന്നതായി വ്യക്തമായാല്‍ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുമെന്നും ഇതു സംബന്ധിച്ച് ഇന്ന് തീരുമാനം എടുക്കുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ.സുധീര്‍ ബാബു അറിയിച്ചു.

തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്കു വാട്‌സാപ്പ് വഴി ചോദ്യക്കടലാസ് ലഭിച്ചതോടെയാണ് ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം ഇക്കാര്യം ഹയര്‍ സെക്കന്‍ഡറി ജോയിന്റ്് ഡയറക്ടറും പരീക്ഷാ സെക്രട്ടറിയുമായ കെ. ഇമ്പിച്ചിക്കോയയ്ക്കു തുടര്‍നടപടിക്കായി അയച്ചു കൊടുത്തു. ചോദ്യങ്ങള്‍ കൈകൊണ്ടു പകര്‍ത്തി എഴുതി തയാറാക്കിയ നിലയിലായിരുന്നു വാട്‌സാപ് വഴി പ്രചരിച്ചിരുന്നത്.

മലബാര്‍ മേഖലയിലെ ചില സ്വകാര്യ സ്ഥാപനങ്ങളുടെ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങളുമായി ഇതിനു സാമ്യം ഉണ്ടായിരുന്നുവെന്നും ആക്ഷേപം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അന്വേഷണം ആവശ്യപ്പെട്ട്് സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കുകയായിരുന്നു.

error: Content is protected !!