ഗ്രനേഡുമായി നിയമസഭയില്‍ വന്ന് പുലിവാല്‌ പിടിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

മുൻ ആഭ്യന്തരമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ‘ഗ്രനേഡു’മായി നിയമസഭയിൽ. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നതിനിടെ, കേരളത്തിൽ പൊലീസ് രാജ് നിലനിൽക്കുന്നുവെന്ന ആരോപണമുയർത്തിയാണു തിരുവഞ്ചൂർ ‘ഗ്രനേഡ്’ ഉയർത്തിക്കാട്ടിയത്. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ പൊലീസ് പ്രയോഗിച്ച ഗ്രനേഡാണു തിരുവഞ്ചൂർ സഭയിൽ കൊണ്ടുവന്നത്.

മാരകായുധങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. ഇത് തിരുവഞ്ചൂര്‍ ലംഘിച്ചിരിക്കുകയാണെന്ന് കാട്ടി ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ ഗ്രനേഡ് സഭയില്‍ നിന്ന് പുറത്തു കളയില്ലെന്ന് തിരുവഞ്ചൂര്‍ നിലപാട് കടുപ്പിച്ചതോടെ ഭരണപക്ഷ ശക്തമായ പ്രതിഷേധം ഉയര്‍ത്തി.

കാലാവധി കഴിഞ്ഞ ഗ്രനേഡാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പ്രയോഗിച്ചതെന്ന് ആരോപിച്ച് തിരുവഞ്ചൂര്‍ ഗ്രനേഡ് സഭയില്‍ ഉയര്‍ത്തിക്കാട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.

സഭയില്‍ സാധാരണ ആരും മാരകായുധം കൊണ്ടുവരാറില്ലെന്നും തിരുവഞ്ചൂരിന്റെ നടപടി അതീവ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പീക്കര്‍ ഗ്രനേഡ് കസ്റ്റഡിയില്‍ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിര്‍മാണ തീയതിയടക്കം രേഖപ്പെടുത്തിയ രസീതുള്‍പ്പെടെ ഗ്രനേഡ് മേശപ്പുറത്ത് വെക്കുന്നതായി തിരുവഞ്ചൂര്‍ അറിയിച്ചു. കാലാവധി കഴിഞ്ഞ ഗ്രനേഡ് ഉപയോഗിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും തിരുവഞ്ചൂര്‍ സഭയോട് ആവശ്യപ്പെട്ടു. തിരുവഞ്ചൂരിനെതിരെ റൂളിങ്ങ് വേണമെന്ന ഭരണപക്ഷ ആവശ്യം പരിശോധിക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കിയതിന് ശേഷമാണ് ബഹളം അടങ്ങിയത്. തുടര്‍ന്ന് സ്പീക്കര്‍ ഗ്രനേഡ് പിടിച്ചെടുത്തു.

error: Content is protected !!