തേനിയിലെ കാട്ടുതീ അപകടം; വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

തമിഴ്നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയെ തുടര്‍ന്ന് പതിനൊന്ന് പേര്‍ മരിച്ച സംഭവത്തില്‍ കുരങ്ങണി റേഞ്ച് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. റേഞ്ച് ഓഫീസര്‍ ജയ്സിങ്ങിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

ട്രെക്കിങ് സംഘം അനധികൃതമായി വനത്തിൽ പ്രവേശിച്ചതു തടയാതിരുന്നതിനാണു നടപടി. അതേസമയം, വനിതാ ദിനത്തോടനുബന്ധിച്ചു നടത്തിയ ട്രെക്കിങ് അനധികൃതമാണെന്നു തേനി എസ്പി വി.ഭാസ്കരൻ പറഞ്ഞു.

ടോപ് സ്റ്റേഷൻ വരെയാണു വനംവകുപ്പ് പാസ് നൽകിയിരുന്നത്. എന്നാൽ അനുമതിയില്ലാതെ സംഘം കൊളുക്കുമലയിലും കുരങ്ങിണിമലയിലും മറ്റൊരു വഴിയിലൂടെ എത്തുകയായിരുന്നു. സംഭവത്തിൽ വനം ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും. കാട്ടുതീ മനുഷ്യസൃഷ്ടിയാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ തേനി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

കൊളുക്കുമലയില്‍നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് ട്രക്കിങ്ങിനുപോയ 39 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്. 27 പേരെ രക്ഷിച്ചു. വിപിന്‍, അഖില, തമിഴ്സെല്‍വന്‍, പുണിത, അനിത, വിവേക്, ദിവ്യ, സുഭ, അരുണ്‍ എന്നിവരാണ് മരിച്ചത്. കുരങ്ങണി വനമേഖലയിലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇനി ആരും വനമേഖലയില്‍ ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, അപകടത്തിൽ പെട്ടവർക്ക് ധനസഹായം നൽകുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി പ്രതികരിച്ചു.

error: Content is protected !!