ചുഴലിക്കാറ്റിന് സാധ്യത തീരദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

ന്യൂനമർദം കേരളതീരത്തോട് അടുക്കുന്നതിനിടെ അതീവജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്. കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സർക്കാർ അറിയിച്ചു. ന്യൂനമർദപാത്തി തിരുവനന്തപുരത്തിന് 390 കിലോമീറ്റർ അകലെ മാത്രമാണ്. തെക്കു–പടിഞ്ഞാറൻ മേഖലയിലാണു തീവ്രന്യൂനമർദം രൂപം കൊണ്ടിട്ടുള്ളതെന്നും സാഹചര്യം അടിയന്തരമായി വിലയിരുത്താൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ശ്രീലങ്കയ്ക്കു സമീപമുണ്ടായ ന്യൂനമർദം ശക്തി പ്രാപിച്ചു പടിഞ്ഞാറ്–വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു മാലദ്വീപിനു സമീപമെത്തുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. തെക്കൻ കേരളത്തിൽ ഇന്നുംനാളെയും മഴയ്ക്കും കടലിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാനും തിരമാലകൾ 3.2 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉച്ചയ്ക്കു പുറപ്പെടുവിച്ച അവലോകനത്തില്‍ കന്യാകുമാരിക്കു തെക്കു ശ്രീലങ്കയ്ക്കു തെക്കുപടിഞ്ഞാറ്‌ ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യുനമര്‍ദം, തീവ്ര ന്യുനമര്‍ദം ആയി എന്നാണ് സൂചിപ്പിക്കുന്നത്.

കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യതൊഴിലാളികള്‍ ജാഗ്രതപാലിക്കണം. മത്സ്യ തൊഴിലാളികള്‍ ശ്രീലങ്കയ്ക്ക് പടിഞ്ഞാറും, ലക്ഷദ്വീപിന് കിഴക്കും, കന്യാകുമാരിക്കും, തിരുവനന്തപുരത്തിനും പടിഞ്ഞാറും, മാലീ ദ്വീപിന് സമീപവും ഉള്ള തെക്കന്‍ ഇന്ത്യന്‍ കടലില്‍ മത്സ്യ ബന്ധനം നടത്തരുത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഈ നിര്‍ദേശത്തിനു 14-03-2018 വരെ പ്രാബല്യം ഉണ്ടായിരിക്കും. തെക്കന്‍ കേരളത്തില്‍ 14-03-2018 വരെ ശക്തമായ മഴ ലഭിക്കുവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

error: Content is protected !!