കാറുകളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ

ഏപ്രിൽ ഒന്ന് മുതൽ ടാറ്റ കാറുകളുടെ വില ഉയരും. എല്ലാ മോഡലുകളുടെ വിലയും കൂടും. പരമാവധി വർധന 60,000 രൂപയായിരിക്കും. ഉല്പാദന ചെലവ് കൂടിയതിനാലാണ് വില ഉയർത്തുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു. 2.28 ലക്ഷം രൂപ വിലയുള്ള ടാറ്റ നാനോ മുതൽ 17.42 ലക്ഷം രൂപ വില വരുന്ന പ്രീമിയം എസ്. യു. വി ഹെക്‌സ വരെയുള്ള മോഡലുകളാണ് ടാറ്റ മോട്ടോർസ് നിർമിക്കുന്നത്.

ഉയരുന്ന ഉല്പാദന ചെലവ്, മാറിയ മാർക്കറ്റ് സാഹചര്യങ്ങൾ, മോശം സാമ്പത്തിക സ്ഥിതി തുടങ്ങിയ കാരണങ്ങളാലാണ് വില കൂട്ടുന്നതെന്ന് ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചർ വെഹിക്കിൾ വിഭാഗം പ്രസിഡന്റ് മായങ്ക് പരീഖ് പറഞ്ഞു. എന്നാൽ ഇത് വിൽപ്പനയെ ദോഷകരമായി ബാധിക്കില്ലെന്ന ശുഭാപ്തി വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. തിയാഗോ, ഹെക്‌സ, ടൈഗർ, നെക്‌സൺ തുടങ്ങിയ പുതിയ മോഡലുകൾ മാർക്കറ്റ് കീഴടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജർമ്മൻ കമ്പനിയായ ഓഡി കഴിഞ്ഞ ആഴ്ച വില വർധിപ്പിച്ചിരുന്നു. ഏപ്രിൽ ഒന്ന് മുതൽ ഓഡി കാറുകൾക്ക് ഒരു ലക്ഷം മുതൽ ഒമ്പത് ലക്ഷം രൂപ വരെ വില കൂടും. ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി വർധിപ്പിച്ചതാണ് കാരണം.

You may have missed

error: Content is protected !!