‘ബോളിവുഡ് ചിത്രത്തിലഭിനയിച്ച ആദ്യ നൈജീരിയന്‍ താരം’; നൈജീരിയയിലും താരമായി സുഡാനി

മലയാളി പ്രേക്ഷകന്റെ കണ്ണും മനസും നിറച്ച് ഹൃദയത്തിലിടം നേടിയിരിക്കുകയാണ് ‘സുഡാനി ഫ്രം നൈജീരിയ’ . ഫുട്‌ബോള്‍ പ്രേമിയായ മജീദിന്റേയും (സൗബിന്‍ ഷാഹിര്‍) സെവന്‍സ് ഫുട്‌ബോള്‍ ടീമില്‍ കളിക്കാനെത്തുന്ന നൈജീരിയക്കാരനായ സാമുവേല്‍ അബിയോള റോബിന്‍സന്റേയും സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകപ്രശംസ നേടി മുന്നേറുകയാണ്. ലോകോത്തര നിരവാരത്തിലുള്ള ചിത്രമെന്നു വരെ സിനിമാപ്രേമികള്‍ ഈ കൊച്ചുചിത്രത്തെ വിശേഷിപ്പിക്കുന്നു. കേരളത്തില്‍ മാത്രമല്ല, അതിരുകള്‍ കടന്ന് അങ്ങ് നൈജീരിയയിലും ഇപ്പോള്‍ ‘സുഡാനി’യാണ് താരം.

നൈജീരിയന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും ഈ മലയാള ചിത്രത്തെകുറിച്ചുള്ള വാര്‍ത്തകള്‍ നിറയുകയാണ്. തങ്ങളുടെ പ്രിയനടനായ സാമുവേല്‍ അബിയോള റോബിന്‍സന്റെ മലയാള സിനിമാ അരങ്ങേറ്റത്തെ നൈജീരിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ‘ബോളിവുഡ് ചിത്രത്തിലഭിനയിച്ച ആദ്യ നൈജീരിയന്‍ താരം’ എന്നാണ്. നൈജീരിയയുടേയും ആഫ്രിക്കയുടേയും നേട്ടമാണ് താന്‍ ഒരു ഇന്ത്യന്‍ ചിത്രത്തില്‍ അഭിനയിച്ചതോടെ സ്വന്തമായതെന്ന് നൈജീരിയന്‍ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാമുവേല്‍ പറഞ്ഞു.

സിനിമയിലേക്കുള്ള ക്ഷണമെന്നോണം സുഡാനിയുടെ അണിയറപ്രവര്‍ത്തകരുടെ മെയില്‍ ലഭിച്ചപ്പോള്‍ താന്‍ ആദ്യം കരുതിയത് അത് സത്യസന്ധമാവില്ല എന്നാണെന്ന് സാമുവേല്‍ പറയുന്നു.

ഇന്ത്യയിലേക്ക് എത്തുവാനുള്ള വിമാനം കയറുമ്പോഴും താന്‍ ഇത് പൂര്‍ണമായി വിശ്വസിച്ചിരുന്നില്ല. ചില അത്ഭുതങ്ങള്‍ സത്യമാവുമെന്ന പോലെയാണ് ഇത്. ഇന്ത്യയിലേയും ആഫ്രിക്കയിലേയും അഭിനേതാക്കള്‍ക്ക് പരസ്പരം സിനിമാഭിരുചികള്‍ പങ്കുവയ്ക്കാനും നല്ല സിനിമകളില്‍ പ്രവര്‍ത്തിക്കാനുമെല്ലാം സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയും ആഫ്രിക്കയും തമ്മിലുളള സാസ്‌കാരിക- സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകമാകുമെന്നും സാമുവല്‍ വ്യക്തമാക്കി.

error: Content is protected !!