ഒടുവില്‍ പ്രണയം വെളിപ്പെടുത്തി നയന്‍താര

ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വിഘ്‌നേഷ് ശിവയും ഒന്നിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. എങ്കിലും സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ വഴിയും പൊതുപരിപാടികള്‍ക്ക് ഒരുമിച്ച് എത്തിയും തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും പറയാതെ പറഞ്ഞിട്ടുണ്ട്.

നയന്‍താര സിനിമയിലെത്തി 14 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും താരത്തെ അഭിനന്ദിച്ച് വിഘ്‌നേഷ് ശിവ എത്തിയിരുന്നു. തന്റെ എല്ലാ നേട്ടങ്ങള്‍ക്കും ഒപ്പം നിന്ന വിഘ്‌നേഷിന് നയന്‍സ് തിരിച്ച് നന്ദി പറഞ്ഞിട്ടുണ്ട്. പക്ഷേ ആദ്യമായി നയന്‍താര വിഘേ്‌നേഷ് തന്റെ പ്രതിശ്രുത വരനെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം സംഘടിപ്പിച്ച വേള്‍ഡ് ഓഫ് വുമണ്‍ 2018 ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് നയന്‍താരയുടെ വെളിപ്പെടുത്തല്‍.

“എനിക്ക് പിന്തുണ നല്‍കിയതിന് എന്റെ മാതാപിതാക്കളോടും പ്രതിശ്രുത വരനോടും നന്ദി പറയുന്നു. ഈ അവാര്‍ഡ് ദാന ചടങ്ങ് മറ്റ് ഫിലിം അവാര്‍ഡുകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. അവാര്‍ഡ് സ്വീകരിക്കാന്‍ ഇവിടെ എത്തിയ സ്ത്രീകളില്‍ നിന്നും ലഭിച്ച ഊര്‍ജവുമായാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങുക”- നയന്‍താര പറഞ്ഞു.

വിഘ്‌നേഷിനെ പ്രതിശ്രുത വരനായി അംഗീകരിച്ചതോടെ ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വിഘ്‌നേഷ് ശിവ ഒരുക്കിയ നാനും റൗഡി താന്‍ എന്ന സിനിമയ്ക്ക് ശേഷമാണ് ഇരുവരും പ്രണയത്തിലായത്.

error: Content is protected !!