സ്പോട്ട് ബുക്കിങ്ങ് കൈയ്യടക്കി മണല്‍ മാഫിയ

രേണുക വടക്കന്‍ –
ന്യൂസ്‌ വിങ്ങ്സ്

ഇ-മണല്‍ ലഭ്യത നിരവധി സാങ്കേതികതകളില്‍ കുരുങ്ങി കാലതാമസം വരുന്നമെതിനാല്‍, നിര്‍മ്മാണ മേഖലയിലെ കഷ്ടതകള്‍ക്ക് എളുപ്പ പരിഹാരമായാണ് സ്പോട്ട് ബുക്കിങ്ങ് സംവിധാനം ഗവണ്മെന്‍റ് ആരംഭിച്ചത്. സാധാരണയായി, അക്ഷയ കേന്ദ്രം വഴി, കെട്ടിട നികുതി രസീതിയും,കെട്ടിട പെര്‍മിറ്റും, ആധാറും വഴിയായിരുന്നു ഇ- മണല്‍ ബുക്കിങ്ങ് നടന്നു പോന്നിരുന്നത്. എന്നാല്‍ മുന്‍ഗണനാക്രമത്തില്‍ മാത്രം ലഭിക്കുമെന്നതിനാല്‍ ഒരു വര്‍ഷം കഴിഞ്ഞും മറ്റുമാണ് മണല്‍ ആവശ്യക്കാരന്റെ അടുക്കലെത്തുക. ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കുവാന്‍ ഇ-മണല്‍ സംവിധാനത്തിലൂടെ സാധിച്ചിരുന്നു. ഇത് താരതമ്മ്യേന വൈകുമെന്നതിനാല്‍ ഉടനടിയുള്ള ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ സ്പോട്ട് ബുക്കിങ്ങിനെയായിരുന്നു ആശ്രയിച്ചിരുന്നത്. പണമടച്ചാല്‍ ഒരു ദിവസം കൊണ്ട്തന്നെ മണല്‍ ലഭിക്കും എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. എന്നാല്‍, ഈ സംവിധാനമാണ് മണല്‍ മാഫിയ ഇപ്പോള്‍ ദുരുപയോഗം ചെയ്യുന്നത്.

സ്പോട്ട് ബുക്കിങ്ങ് കയ്യടക്കുന്നതാര്

നിലവില്‍ ഒരു ആധാര്‍ കാര്‍ഡുമായി ചെന്നാല്‍ ആര്‍ക്കും സ്പോട്ട് ബുക്കിങ്ങിലൂടെ ലഭ്യതയനുസരിച്ച് മണല്‍ വാങ്ങാനാവും. ചെല്ലുന്ന വ്യക്തിയുടെ ആവശ്യം എന്തുതന്നെയായാലും ഒരു ആധാര്‍ കാര്‍ഡുമായി നേരിട്ട് ഹാജരാവാനാണ് അധികൃതര്‍ ആകെ ആവശ്യപ്പെടുന്നത്. ഈ സാഹചര്യമാണ് ഇടനിലക്കാര്‍ തങ്ങളുടെ കൊള്ളലാഭത്തിനു വേണ്ടി മറയാക്കുന്നതും. അഞ്ചു ടണ്‍ അഥവാ 135 അടി മണലിനു പോര്‍ട്ട്‌ ഓഫീസില്‍ അടക്കേണ്ടുന്ന തുക 7915 രൂപയാണ്. ലോറി വാടക ഇനത്തില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ 1450 രൂപയും പുറമേ ഈടാക്കും. ആകെ ഒരു ലോഡിന് 9365 രൂപ. ഇത്തരത്തില്‍ സ്പോട്ട് ബുക്കിങ്ങിലൂടെ ലഭിക്കുന്ന മണല്‍ ഇടനിലക്കാര്‍ പുറത്ത് വില്‍ക്കുന്നത് 16000 രൂപയ്ക്കും അതിനു മുകളിലുമാണ്. ഏതാനും മണിക്കൂറുകളുടെ ഇടപെടലിലൂടെ ഒരൊറ്റ ലോഡില്‍ ലഭിക്കുന്ന കൊള്ള ലാഭം 6635 രൂപ. കള്ള പാസ്സിലൂടെ ഒരു ബ്രോക്കര്‍ തന്നെ ചില ദിവസങ്ങളില്‍ അഞ്ചു ലോഡു മണല്‍ വരെ ഇത്തരത്തില്‍ ഇറക്കാറുണ്ടത്രെ.

ആധാര്‍ കാര്‍ഡുമായി ക്യുവില്‍ നിന്ന് പാസ് കരസ്തമാക്കുന്നവര്‍ക്ക് ഇടനിലക്കാര്‍ നല്‍കുന്നത് 500 മുതല്‍ 1000 രൂപ വരെ കൂലിയാണ്. നാളെ നിങ്ങളില്‍ ഒരാള്‍ക്ക്‌ ആധാറുമായി ചെന്ന് നിന്നാല്‍ ബ്രോക്കര്‍മാര്‍ ഈ പറഞ്ഞ കൂലിതരുമെന്ന് സാരം.! കൂടാതെ, എല്ലാ ദിവസവും ഒരേ ആധാറുമായി ക്യു നില്‍ക്കുന്ന ബ്രോക്കര്‍മാരെയും നമുക്ക് അഴീക്കല്‍ പോര്‍ട്ട്‌ ഓഫീസിനു മുന്‍പിലെ ഗേറ്റില്‍ കാണാനാകും. ചില ദിവസങ്ങളില്‍ നൂറിലധികം ആള്‍ക്കാര്‍ ക്യു നില്‍ക്കുന്ന ഇവിടെ മിക്കവാറും പത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമേ പാസ് ലഭിക്കുകയുമുള്ളൂ. മണല്‍ ബുക്കിങ്ങ് താരതമ്മ്യേന കുറവായ മടക്കര കടവിലെ മണലാണ്‌ ഇത്തരത്തില്‍ പ്രധാനമായും നല്‍കുന്നത്.

നിരവധി ആരോപണങ്ങള്‍ക്ക് ശേഷമാണ് ഒരു ആധാറില്‍ രണ്ടാമത്തെ ബുക്കിങ്ങിനു 15 ദിവസം എന്നത് ഒരു മാസമാക്കി മാറ്റിയത്. കൂടാതെ വ്യക്തി നേരിട്ട് ഹാജരാവാതെ തന്നെ ബ്രോക്കര്‍മാര്‍ എത്തിക്കുന്ന ആധാറില്‍ പാസ് മുറിക്കാന്‍ പിന്‍വാതില്‍ സംവിധാനമുണ്ടെന്നും, ഒരു ആധാറില്‍ തന്നെ നിരവധി പാസ്സുകള്‍ രഹസ്യമായി അനുവദിക്കുന്നുവെന്നും, സ്പോട്ട് ബുക്കിങ്ങിനുള്ള മണല്‍ തീരുമാനിക്കുന്നത് സുതാര്യമായല്ലെന്നും ആഴ്ചകളോളം ക്യു നിന്നിട്ടും മണല്‍ ലഭിക്കാത്തവര്‍ ശക്തമായി ആരോപിക്കുന്നു.

നിരന്തര പരാതികള്‍ക്കിടയിലും നിരവധി ഇടനിലക്കാര്‍ ദിവസേന പോര്‍ട്ട്‌ ഓഫീസിനു മുന്നില്‍ പാറാവ്‌ കിടക്കുന്നതും, ഇതേ ഇടനിലക്കാര്‍ ക്യുവില്‍ നിന്ന് മടങ്ങുന്ന സാധാരണക്കാരനോട് മണല്‍ വിലപറഞ്ഞു ഉറപ്പിക്കുന്നതും ഇവിടെ സ്ഥിര കാഴ്ചയായിരിക്കുന്നു. സാധാരണക്കാരന് ന്യായമായി ലഭിക്കേണ്ട മണലാണ്‌ അതേ ആളുകള്‍ക്ക് ഇരട്ടിവിലയ്ക്ക് വാങ്ങേണ്ടി വരുന്നതെന്നത് പരിഹാസ്യം തന്നെയാണ്. പോര്‍ട്ട് ഓഫീസിലും,കടവുകളിലും അന്യായക്കച്ചവടക്കാരുടെ ഭരണം നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യമുയര്‍ന്നുകഴിഞ്ഞു.

error: Content is protected !!